യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന പേര്: കേന്ദ്ര അന്വേഷണം വേണമെന്ന് ഗവര്‍ണറോട് സെനറ്റ് അംഗങ്ങള്‍

യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന പേര്: കേന്ദ്ര അന്വേഷണം വേണമെന്ന് ഗവര്‍ണറോട് സെനറ്റ് അംഗങ്ങള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന് പേരിട്ടതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി.

യുവജനോത്സവ സംഘാടകര്‍ക്കുള്ള അന്താരാഷ്ട്ര തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഇസ്രയേലിനെതിരെ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണ് ഇന്‍തിഫാദ. അതൊരു ഭീകര പദമാണ്. ഇന്‍തിഫാദ ആഗോളവല്‍ക്കരിക്കുക എന്നത് ഹമാസിന്റെ ദൗത്യമാണ്. അതിന് കൂട്ടു നില്‍ക്കുകയായിരുന്നു എസ്എഫ്ഐ നിയന്ത്രണത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയനെന്നും സെനറ്റ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

യുവജനങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് യുവജനോത്സവങ്ങളുടെ ലക്ഷ്യം.സര്‍ഗാത്മകത. സഹകരണം, നേതൃത്വം, സാഹോദര്യം, ദേശീയത എന്നിവ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

രാജ്യത്തിന്റെ മഹത്തായതും സമ്പന്നവുമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് അഭിമാനവും ആദരവും വളര്‍ത്തുന്നതിനാണ് ഇത്തരം വേദികള്‍ ഉപയോഗപ്പെടേണ്ടത്. ഇന്‍തിഫാദ ഒരിക്കലും ഒരു കലോത്സവത്തിന്റെ പ്രചാരണ പദമല്ല. അത് ഒരിക്കലും കല, സാഹിത്യം, സംസ്‌കാരം എന്നിവയെ പ്രതീകപ്പെടുത്തുന്ന വാക്കുമല്ല.

ഹമാസ് അനുകൂല ഭീകരതയെ സ്ഥാപനവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന് പേരിട്ടത്. ഭീകരതയെ പിന്തുണയ്ക്കുകയും തീവ്രവാദികളിലുള്ളവരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന ഗുരുതരമായ കേസാണിത്.

ഇത്തരത്തിലൊരു പേരിട്ടതിനു പിന്നിലെ പ്രേരണയും സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭിച്ച പിന്തുണയും പുറത്തു വരണം. അതിന് വിപുലമായ അന്വേഷണം ആവശ്യമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഡോ. വിനോദ്കുമാര്‍ ടി.ജി നായര്‍, പി. ശ്രീകുമാര്‍, പി.എസ് ഗോപകുമാര്‍, ജി. സജികുമാര്‍, അഡ്വ. വി.കെ മഞ്ചു, ഒ.ബി കവിത, ഡോ. എസ. മിനി വേണുഗോപാല്‍, ഡോ. പോള്‍ രാജ്, ഡോ. ശ്രീപ്രസാദ്.ആര്‍, ഡോ. ദിവ്യ എസ്.ആര്‍, എസ്. ശ്യം ലാല്‍ എന്നീ സെനറ്റ് അംഗങ്ങളാണ് ഗവര്‍ണക്ക് നിവേദനം നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.