പത്മജയുടെ കൂടുമാറ്റം: ബിജെപിക്ക് ചിരി; സിപിഎമ്മിന് പൊട്ടിച്ചിരി

 പത്മജയുടെ കൂടുമാറ്റം: ബിജെപിക്ക് ചിരി; സിപിഎമ്മിന് പൊട്ടിച്ചിരി

കൊച്ചി: കോണ്‍ഗ്രസുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിച്ചുമാറ്റി പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയത് കേരളത്തിലെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി ആഘോഷിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിക്കൊപ്പം കൂടുന്നത് ഇപ്പോള്‍ പതിവ് സംഭവമാണ്.

പിന്നെ പത്മജയുടെ കൂടുമാറ്റത്തിന് എന്താണിത്ര വാര്‍ത്താ പ്രാധാന്യം? പത്മജയ്ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒഴുകി ബിജെപിയിലേക്കെത്തുമെന്ന് ബിജെപി നേതാക്കള്‍ പോലും കരുതുന്നുണ്ടാവില്ല. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതു പോലെ ബിജെപിക്ക് ഒരു മെമ്പര്‍ഷിപ്പ് ഫീസ് കിട്ടി എന്നതിനപ്പുറം വോട്ട് ബാങ്കില്‍ ഒരു നേട്ടവുമുണ്ടാകില്ല.

പക്ഷേ കോണ്‍ഗ്രസിലെ അതികായനായിരുന്ന കെ. കരുണാകരന്റെ മകളെ പാര്‍ട്ടിയിലെത്തിച്ചു എന്നതാണ് ബിജെപിക്ക് ലഭിക്കുന്ന രാഷ്ട്രീയ നേട്ടം. ഏ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് പിന്നാലെ കെ. കരുണാകരന്റെ മകള്‍ പത്മജയും പാര്‍ട്ടിയിലെത്തി എന്നത് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി കാര്യമായി ഉപയോഗിക്കും.

അത് അത്ര ചെറിയ നേട്ടമല്ല. ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന രണ്ട് പ്രമുഖ നേതാക്കളായിരുന്നു കെ. കരുണാകരനും ഏ.കെ ആന്റണിയും. എ, ഐ ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം തമ്മിലടിച്ചപ്പോഴും മുന്നണി മാറിയപ്പോഴും ബിജെപിയെ ഒരു കാതം അകലെ നിര്‍ത്തിയ നേതാക്കളായിരുന്നു ആന്റണിയും കരുണാകരനും.

അവരുടെ മക്കളാണ് ഇപ്പോള്‍ ബിജെപി പാളയത്തില്‍ എത്തിപ്പെട്ടത് എന്നതാണ് രണ്ട് കൂടുമാറ്റങ്ങളിലുമുള്ള വാര്‍ത്താ പ്രാധാന്യം. രണ്ട് പേരുടെയും രാഷ്ട്രീയ മേല്‍വിലാസം അവരുടെ പിതാക്കന്‍മാരുടെ പേരില്‍ മാത്രമുള്ളത് എന്നതാണ് ശ്രദ്ധേയം. ബിജെപിയുടെ രാഷ്ട്രീയ നേട്ടവും അതാണ്.

കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും ഇന്ദിരാ ഗാന്ധിയായിരുന്നു കരുണാകരന്റെ പ്രിയ നേതാവ്. ഒരിടയ്ക്ക് കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് പോയി പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ പോലും തന്റെ പാര്‍ട്ടിയുടെ പേരില്‍ നിന്ന് പോലും ഇന്ദിരയെ മാറ്റാതെ പ്രതിഷ്ഠിച്ചിരുന്നു കെ. കരുണാകരന്‍.


അങ്ങനെ എന്നും 'ഇന്ദിരാ കോണ്‍ഗ്രസു'കാരനായിരുന്ന കെ. കരുണാകരന്‍ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്ന ഡിഐസി ഉണ്ടാക്കിയതും പിന്നീട് മടങ്ങിയെത്തിയതുമെല്ലാം ചരിത്രമാണ്. നെഹ്‌റു കുടുംബത്തോട് ഇപ്പോഴും അസാധാരണ വിധേയത്വം പുലര്‍ത്തുന്ന നേതാവാണ് ഏ.കെ ആന്റണി. ഇവരുടെ മക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി എന്നത് മാത്രമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമ സന്ധിയിലാക്കുന്നത്. കാരണം വിശദീകരിക്കാന്‍ അല്‍പം പാടുപെടും.

പത്മജ പാര്‍ട്ടി മാറിയാലും ആകാശമൊന്നും ഇടിഞ്ഞ് വീഴില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമെങ്കിലും തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ മുഖ്യ എതിരാളിയായ സിപിഎമ്മിന് തങ്ങളെ അടിയ്ക്കാന്‍ കിട്ടിയ നല്ല വടിയാണിതെന്ന അസ്വസ്ഥതയുണ്ടാക്കുന്ന ബോധ്യം അവര്‍ക്കുണ്ട്. അതിന്റെ സൂചന ഇന്നു തന്നെ സിപിഎം നേതാക്കള്‍ നല്‍കിക്കഴിഞ്ഞു.

കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നതും ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നതും ഒരുപോലാണെന്നും ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണെന്നുമുള്ള പ്രചാരണം ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് ഇടത് പക്ഷം. ഭരണ പരാജയത്തില്‍ നട്ടം തിരിയുന്ന ഇടത് മുന്നണിക്ക് കോണ്‍ഗ്രസ് നേതാക്കളുടെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ കിട്ടിയ ആയുധം അവര്‍ പരമാവധി ഉപയോഗിക്കും എന്നുറപ്പാണ്.

കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നതും ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നതും ഒരുപോലാണെന്ന പ്രചാരണം വഴി കഴിഞ്ഞ കുറച്ചു നാളുകളായി തങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ചില ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെടുക്കാനാകും എന്ന പ്രതീക്ഷയും ഇടത് മുന്നണിക്കുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.