വാഷിംഗ്‌ടൺ: സൗന്ദര്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് ഇന്നത്തെ തലമുറ. സൗന്ദര്യവർദ്ധക ഉത്‌പന്നങ്ങൾ ഉപയോഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. എന്നാൽ സൗന്ദര്യം കൂട്ടാൻ കണ്ണിൽകണ്ടതൊക്കെ ആവശ്യത്തിലധികം ഉപയോഗിച്ച് പണികിട്ടിയവരും അനേകമുണ്ട്. ഇപ്പോഴിതാ പ്രമുഖ സൗന്ദര്യവർദ്ധക ബ്രാൻഡുകളിൽ ക്യാൻസറിന് കാരണമാകുന്ന വസ്‌തുക്കൾ ഉയർന്ന അളവിൽ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മുഖക്കുരുവിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില ഉൽപന്നങ്ങളിലാണ് ക്യാൻസറിന് കാരണമാവുന്ന രാസവസ്തുവായ ബെൻസീൻ കണ്ടെത്തിയത്. ഇതിൽ പ്രമുഖ ബ്രാൻഡുകളായ എസ്റ്റീ ലോഡേഴ്‌സിന്റെ ക്ളിനിക്ക്, ടാർജറ്റിന്റെ അപ്പ് ആന്റ് അപ്പ്, റെക്കിറ്റ് ബെൻക്കിസറിന്റെ ക്ളീറാസിൽ, പ്രോആക്ടീവ്, പാൻഓക്‌സിൽ, വാൽഗ്രീനിന്റെ ബാർസോപ്പ്, വാൾമാർട്ടിന്റെ ഇക്വേറ്റ് ബ്യൂട്ടി ക്രീം എന്നിവ ഉൾപ്പെടുന്നു. അമേരിക്കൻ ലബോറട്ടറിയായ വാലിഷുവർ ആണ് ഇത് കണ്ടെത്തിയത്.
ഈ ഉൽന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വാലിഷുവർ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വ്യാവസായിക മാർഗനിർദേശങ്ങൾ പരിഷ്‌കരിക്കണമെന്നും കണക്‌ടികട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാബ് ആവശ്യപ്പെട്ടു.
റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ എസ്റ്റീ ലോഡറിന്റെ ഷെയറുകൾ രണ്ട് ശതമാനം ഇടിഞ്ഞു. തങ്ങളുടെ ഒരു ഉത്പന്നത്തിൽ ബെൻസോയിൽ പെറോക്‌സൈഡ് ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും എസ്റ്റീ ലോഡർ റിപ്പോർട്ടുകളോട് പ്രതികരിച്ചു. ക്ളീറാസിലിന്റെ ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നും ലേബലിൽ പറഞ്ഞിരിക്കുന്നതുപോലെ ഉപയോഗിക്കേണ്ടതുണ്ടെന്നുമാണ് റിപ്പോർട്ടുകൾക്ക് റെക്കിറ്റ് മറുപടി നൽകിയത്. ടാർജറ്റും വാൾമാർട്ടും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
സൺസ്‌ക്രീനുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ഷാംപൂ എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങളിൽ ഇതിനകം തന്നെ കാർസിനോജൻ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രോക്‌ടർ ആന്റ് ഗാംബിൾ, ജോൺസൺ ആന്റ് ജോൺസൺ എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും വാലിഷുവർ ലാബ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുഖക്കുരുവിന്റെ ചികിത്സക്കായുള്ള ഉത്പന്നങ്ങളിൽ ബെൻസീൻ കണ്ടെത്തുന്നത് മറ്റ് കേസുകളിൽ നിന്ന് വ്യത്യസ്തമാണെന്നും ലാബ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.