'പാരറ്റ് ഫീവര്‍' ഭീഷണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍; അഞ്ച് പേര്‍ മരിച്ചു, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

'പാരറ്റ് ഫീവര്‍' ഭീഷണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍; അഞ്ച് പേര്‍ മരിച്ചു, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ബെര്‍ലിന്‍: 'പാരറ്റ് ഫീവര്‍' എന്നറിയപ്പെടുന്ന സിറ്റാക്കോസിസ് ഭീഷണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. രോഗം ബാധിച്ച് അഞ്ച് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷികളില്‍ ഉണ്ടാകുന്ന ക്ലെമിഡയ വിഭാഗത്തില്‍ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം. രോഗബാധിതരായ പക്ഷികളില്‍ നിന്നുള്ള സ്രവങ്ങളാല്‍ മലിനമായ പൊടിപടലങ്ങള്‍ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യര്‍ക്ക് പാരറ്റ് ഫീവര്‍ പിടിപെടുന്നതെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡെന്മാര്‍ക്കില്‍ നാല് മരണവും നെതര്‍ലാന്‍ഡില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. ആസ്ട്രിയ, ജര്‍മനി, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിരവധി ആളുകള്‍ തത്തപ്പനി ബാധിച്ച് ചികിത്സയിലുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രോഗം ബാധിച്ച പക്ഷികള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കില്ല. എന്നാല്‍ അവയ്ക്ക് ശ്വാസോച്ഛ്വാസത്തിലൂടെയോ വിസര്‍ജ്ജനത്തിലൂടെയോ ബാക്ടീരിയകള്‍ പുറന്തള്ളാന്‍ കഴിയും.

ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പര്‍ക്കം മൂലമോ ആണ് വ്യക്തികള്‍ക്ക് വരുന്നത്. 2023ലാണ് ഈ രോഗം തിരിച്ചിറിയുന്നത്. രോഗം പിടിപെട്ട പക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കിലും അത്തരം കേസുകളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിലൂടെ രോഗം പകരില്ല. അഞ്ച് മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാകാം. പേശിവേദന, തലവേദന, പനി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. ന്യുമോണിയയായി തുടങ്ങി പല അവയവങ്ങള്‍ക്കും കേടുപാട് വരുത്താനും മരണത്തിന് കാരണമാകാനും സാധ്യതയുള്ള അസുഖമാണ് സിറ്റാക്കോസിസ്. മറ്റു പക്ഷികളെ അപേക്ഷിച്ച് തത്തകളിലാണ് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.