തിരുവനന്തപുരം: സോളര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാനുള്ള തീരുമാനം എടുത്തത് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 23 ന് മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം സൂചിപ്പിച്ചില്ല. അതിനുമുമ്പ് ചേര്‍ന്ന യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നില്ല. ചുരുക്കത്തില്‍ മന്ത്രിമാരില്‍ പലരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
കേസ് സിബിഐക്ക് വിട്ടതിനെതിരെ മുന്നണിയിലെ ചില ഘടക കക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ഇപ്പോഴെടുത്ത തീരുമാനം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമാകുമെന്ന് കരുതുന്നവരുമുണ്ട്. സോളര്‍ തട്ടിപ്പു കേസിലെ പ്രതിയായ വനിതയില്‍ നിന്നു ലഭിച്ച പരാതി അന്വേഷിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ സിബിഐക്കു നല്‍കിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഇറക്കിയ വിജ്ഞാപനം ഇനി കേന്ദ്ര പഴ്സനേല്‍ മന്ത്രാലയത്തിന് അയച്ചു കൊടുക്കും. അവര്‍ അതു സിബിഐക്കു വിടും. കേസ് ഏറ്റെടുക്കണമോയെന്നു തീരുമാനിക്കേണ്ടതു സിബിഐ ആണ്.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെയും കെ.ടി. ജയകൃഷ്ണന്‍ വധത്തിന്റെയും പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സിബിഐയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ ടൈറ്റാനിയം കേസ് സിബിഐക്കു വിട്ടെങ്കിലും അവര്‍ സ്വീകരിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.