അമേരിക്ക തലയ്ക്ക് 5 മില്യണ്‍ ഡോളര്‍ വിലയിട്ടിരുന്ന അല്‍ ഖ്വായ്ദ നേതാവ് യെമനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

അമേരിക്ക തലയ്ക്ക് 5 മില്യണ്‍ ഡോളര്‍ വിലയിട്ടിരുന്ന അല്‍ ഖ്വായ്ദ നേതാവ്   യെമനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

സനാ: യെമനില്‍ കൊടും ഭീകരനായ അല്‍ ഖ്വായ്ദ നേതാവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍. അല്‍ ഖ്വായ്ദ യെമന്‍ ഘടകം നേതാവും നിരവധി ഭീകരാക്രമങ്ങളുടെ ആസൂത്രകനുമായ ഖാലിദ് അല്‍ ബതാര്‍ഫി ആണ് മരിച്ചത്. സംഭവത്തില്‍ വിവിധ ഏജന്‍സികള്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിവരികയാണ്.

ഖാലിദിന്റെ അന്ത്യകര്‍മ്മങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അല്‍ഖ്വായ്ദ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഖാലിദിന്റെ മുഖത്ത് സാരമായ പരിക്കുള്ളതായി കാണാം. സാധാരണ മരണമല്ല സംഭവിച്ചിരിക്കുന്നത് എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ആരോ കൊലപ്പെടുത്തിയതാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങള്‍ ഭീകര സംഘടന പുറത്തുവിട്ടിട്ടില്ല.

അറേബ്യന്‍ പെനിന്‍സുല കേന്ദ്രീകരിച്ചാണ് ഇയാളുടെ നേതൃത്വത്തില്‍ അല്‍ഖ്വായ്ദ പ്രവര്‍ത്തിച്ചിരുന്നത്. അല്‍ഖ്വായ്ദയുടെ തന്നെ ഏറ്റവും അപകടകാരിയായ സംഘമാണ് ഇവരുടേത്. അമേരിക്കയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഖാലിദിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഇയാളുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നത്.

12 പേര്‍ കൊല്ലപ്പെട്ട, പാരിസിനെ നടുക്കിയ 2015-ലെ ഭീകരാക്രണത്തിന്റെ ഉത്തരവാദിത്വം ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തിരുന്നു

2020-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഖ്വായ്ദയുടെ അറേബ്യന്‍ പെനിന്‍സുല നേതാവ് ഖാസിം അല്‍ റിമിയെ വധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പിന്‍ഗാമിയായി അല്‍ ബതാര്‍ഫി ചുമതല ഏറ്റെടുത്തത്.

അറേബ്യയിലെ അല്‍ ഖ്വായ്ദയെ ലോകത്തിലെ ഏറ്റവും അപകടകാരികളായ ഭീകരസംഘമായാണ് അമേരിക്ക കണക്കാക്കുന്നത്. യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന് പിന്നില്‍ അല്‍ഖ്വായ്ദയാണ്.

അതേസമയം ഖാലിദ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ പുതിയ നേതാവിനെ അല്‍ഖ്വായ്ദ വൈകാതെ പ്രഖ്യാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.