ജീവനെടുക്കുന്നത് അവകാശമാക്കരുത്; ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമാക്കിയ ഫ്രഞ്ച് നടപടിയെ വിമര്‍ശിച്ച് വത്തിക്കാന്‍

ജീവനെടുക്കുന്നത് അവകാശമാക്കരുത്; ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമാക്കിയ ഫ്രഞ്ച് നടപടിയെ വിമര്‍ശിച്ച് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത ഫ്രഞ്ച് പാര്‍ലമെന്റിന്റെ നടപടിക്കെതിരേ പ്രതിഷേധിച്ച ബിഷപ്പുമാരെ പിന്തുണച്ച് വത്തിക്കാനിലെ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ്.

ഭ്രൂണഹത്യ ഭരണഘടനാപരമായ അവകാശമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി ഫ്രാന്‍സിനെ മാറ്റുന്ന ഭേദഗതിക്കെതിരേ രാജ്യത്തെ ബിഷപ്പുമാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. സാര്‍വത്രിക മനുഷ്യാവകാശങ്ങളുടെ കാലഘട്ടത്തില്‍ മനുഷ്യ ജീവനെടുക്കുന്നത് ഒരവകാശമാക്കി പ്രഖ്യാപിക്കാന്‍ പാടില്ല എന്ന് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ പ്രസ്താവനയില്‍ കുറിച്ചു. ജീവന്‍ സംരക്ഷിക്കുക എന്നതാണ് മനുഷ്യരുടെ പരമപ്രധാനമായ കടമയെന്നും പൊന്തിഫിക്കല്‍ അക്കാദമി ചൂണ്ടിക്കാട്ടുന്നു.

എല്ലാ സര്‍ക്കാരുകളും വിശ്വാസ പാരമ്പര്യങ്ങളും സമാധാനത്തിനും സാമൂഹിക നീതിക്കും അനുകൂലമായ നടപടികളിലൂടെ ജീവന്റെ സംരക്ഷണത്തിന് പരമാവധി മുന്‍ഗണന നല്‍കണമെന്നു വത്തിക്കാന്‍ പ്രസ്താവിച്ചു.

സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഒട്ടും വിലകുറച്ചുകാണാതെ തന്നെ അത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഏറ്റവും ദുര്‍ബലമായ ജീവനെടുക്കുന്നതല്ല അവയ്ക്കുള്ള പരിഹാരമെന്നും പൊന്തിഫിക്കല്‍ അക്കാദമി പറയുന്നു.

ജീവനു വേണ്ടിയുള്ള സഭയുടെ പ്രതിരോധം ഒരു പ്രത്യയശാസ്ത്രമല്ല, ഒരു യാഥാര്‍ത്ഥ്യമാണ്. എല്ലാ ക്രൈസ്തവരെയും ഉള്‍ക്കൊള്ളുന്ന മാനുഷിക യാഥാര്‍ത്ഥ്യമാണ്. ഐക്യദാര്‍ഢ്യം, പരിചരണം, സംസ്‌കാരം തുടങ്ങിയവ ക്രിസ്ത്യാനികളുടെ സവിശേഷമായ പൈതൃകമല്ല, മറിച്ച് അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ദുര്‍ബലരും കഷ്ടപ്പെടുന്നവരും ഉള്‍പ്പെടെ ഓരോ വ്യക്തിയുടെയും മൂല്യം തിരിച്ചറിയണമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

ഭ്രൂണഹത്യയെ ആദ്യം മുതല്‍ എതിര്‍ക്കുന്ന ഫ്രാന്‍സിസ് പാപ്പ അതിനെ 'കൊലപാതകം' എന്നാണ് വിശേഷിപ്പിച്ചത്.

മാര്‍ച്ച് നാലിന് പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്ത സമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പില്‍ 72ന് എതിരെ 780 വോട്ടുകള്‍ക്കാണ് ഭ്രൂണഹത്യ അനുകൂല ബില്‍ പാസാക്കിയത്. ഭ്രൂണഹത്യ അനുകൂല നിലപാട് ഭരണകൂടം കൈക്കൊണ്ടതിന് പിന്നാലെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ഫ്രഞ്ച് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഫ്രാന്‍സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.