മലേഷ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം

മലേഷ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം

ക്വാലാലംപൂര്‍: സാധുവായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികള്‍ക്ക് സ്വരാജ്യത്തേക്ക് മടങ്ങുന്നതിന് മലേഷ്യന്‍ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചതായി ക്വാലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു.

സാധുവായ പാസ്‌പോര്‍ട്ടോ, വിസയോ മറ്റ് ആധികാരിക രേഖകളോ ഇല്ലാതെ മലേഷ്യയില്‍ താമസിക്കുന്നവരും തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങി കിടക്കുന്നവരുമായ മലയാളികടക്കമുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. പശ്ചിമ മലേഷ്യയിലും ലാബുവന്‍ ഫെഡറല്‍ ടെറിട്ടറിയിലും താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ പൊതുമാപ്പ് ബാധകമാക്കിയിട്ടുള്ളത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ഇതിനായുള്ള കാലാവധി.

മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പതിമൂന്ന് ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസുകളിലാണ് നിലവില്‍ പൊതുമാപ്പിനായി അപേക്ഷകള്‍ സ്വീകരിക്കുന്നത്. മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റുകള്‍ ഇല്ലാതെ തന്നെ അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം എന്‍ഫോഴ്സ്മെന്റ് ഓഫീസുകളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.

300 മുതല്‍ 500 മലേഷ്യന്‍ റിങ്കിറ്റുവരെയാണ് പെനാല്‍റ്റി. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളോ, ഇ-വാലറ്റോ ഉപയോഗിച്ച് പണമടക്കാം. പെനാലിറ്റി അടച്ച് കഴിഞ്ഞാല്‍ പ്രത്യേക റിപ്പാര്‍ട്രിയേഷന്‍ പാസ് മുഖേന അറസ്റ്റോ മറ്റ് ശിക്ഷാ നടപടികളോ കൂടാതെ തന്നെ രാജ്യം വിടാനാകും.

അടിയന്തര ചികിത്സ ആവശ്യമായ വ്യക്തികള്‍ക്ക് രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിനായി ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അപേക്ഷിച്ചാല്‍ മുന്‍ഗണനാ പത്രം ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.