ഹൃദയഭേദകം; തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ കാണാതായതിൽ‌ രൂക്ഷ വിമർശനവുമായി നൈജീരിയൻ സഭ

ഹൃദയഭേദകം; തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ കാണാതായതിൽ‌ രൂക്ഷ വിമർശനവുമായി നൈജീരിയൻ സഭ

അബൂജ: ഒരാഴ്‌ചയ്ക്കിടെ ഭീകരർ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 300 കവിഞ്ഞതിനിടെ കടുത്ത പ്രതിഷേധം അറിയിച്ച് നൈജീരിയൻ സഭ. വടക്കൻ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സ്‌കൂളിൽ നിന്നാണ് മുന്നൂറോളം കുട്ടികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. വനമേഖലകളിൽ ഇവർക്കായി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

ഇത് ഹൃദയഭേദക സംഭവമാണെന്നും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും തടയാൻ അധികാരികൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്നും കടൂണ അതിരൂപതയിലെ മതബോധന പണ്ഡിതൻ ഇമ്മാനുവൽ അയേനി പറഞ്ഞു. തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടികൾക്കായി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്നും അവർ ദൈവത്തിൻ്റെ ശക്തമായ കരത്തിന് കീഴിലാണെന്നു പ്രതീക്ഷിക്കുന്നതായും അദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ജനങ്ങളെ ആവശ്യമുള്ള സമയത്ത് ഉപേക്ഷിക്കുകയാണെന്ന് നൈജീരിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റും ഒവേരിയിലെ ആർച്ച് ബിഷപ്പുമായ ലൂസിയസ് ഇവെജുരു ഉഗോർജി ആരോപിച്ചു. ഭീകരാക്രമണങ്ങളെ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. രാജ്യം ക്രമക്കേടിൻ്റെയും നിയമലംഘനങ്ങളുടെയും നടുവിലാണ്. രാജ്യത്തിൻ്റെ സുരക്ഷാ പുനസ്ഥാപിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ക്രിസ്തുമസിന് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് ഇരുനൂറോളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട സംഭവം സർക്കാരിൻ്റെ പരിഷ്കരണ ശ്രമങ്ങൾ എത്രത്തോളം നിഷ്ഫലമാണ് എന്നതിൻ്റെ ഉദാഹരണമാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഏഴാം തിയതി രാവിലെ എട്ടരയ്ക്ക് സ്‌കൂൾ അസംബ്ലി നടന്നുകൊണ്ടിരിക്കുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അക്രമികളാണ് എട്ടിനും 15നുമിടയിൽ പ്രായമുള്ള കുട്ടികളെ റാഞ്ചിയത്. തട്ടിക്കൊണ്ടുപോകലിനു പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ജാഗ്രത സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. അയൽ മേഖലകളിൽനിന്നും സഹായം തേടി കുട്ടികളുടെ മോചനം ഉറപ്പാക്കാനാണ് ശ്രമം.

സെക്കൻഡറി സ്‌കൂളിലെ 187, പ്രൈമറിയിലെ 125 ഉൾപ്പെടെ 312 വിദ്യാർഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നും ഇതിൽ 28 പേർ തിരിച്ചെത്തിയെന്നും കടുന സംസ്ഥാന ഗവർണർ ഉബാ സാനി അറിയിച്ചു. രണ്ട് അധ്യാപകരെ തട്ടിക്കൊണ്ടുപോയതിൽ ഒരാൾക്കു രക്ഷപ്പെടാൻ കഴിഞ്ഞു. പ്രദേശവാസികൾ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.

പട്ടണത്തിലെ എല്ലാ വീട്ടിലെയും കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇവരെ കണ്ടെത്താൻ സായുധസേന ഓപ്പറേഷൻ ആരംഭിച്ചതായി ഗവർണർ അറിയിച്ചു. കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ നൈജീരിയയിൽ വിറകു ശേഖരിക്കാൻ പോയ ഡസൻകണക്കിനു സ്ത്രീകളെയും കുട്ടികളെയും ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. സ്‌കൂളിൽനിന്നുള്ള തട്ടിക്കൊണ്ടുപോകലിന് ഇതുമായി ബന്ധമില്ലെന്നാണ് അനുമാനം. വടക്ക് പടിഞ്ഞാറൻ നൈജീരിയയിൽ മോചനദ്രവ്യത്തിനായി കൊള്ളക്കാർ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്.

കൂടുതൽ വായനയ്ക്ക്

നൈജീരിയയില്‍ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ 300 കുട്ടികളില്‍ 28 പേര്‍ രക്ഷപ്പെട്ടു; വെടിയേറ്റ 14കാരന്‍ മരിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.