ടൈറ്റാനിക് കപ്പല്‍ പുനസൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായി ഓസ്ട്രേലിയന്‍ ശതകോടീശ്വരന്‍: കന്നിയാത്ര 2027-ല്‍

ടൈറ്റാനിക് കപ്പല്‍ പുനസൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായി ഓസ്ട്രേലിയന്‍ ശതകോടീശ്വരന്‍: കന്നിയാത്ര 2027-ല്‍

സിഡ്‌നി: കന്നിയാത്രയില്‍ തന്നെ സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പല്‍ പുനര്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍. ഖനി വ്യവസായിയും പാര്‍ലമെന്റ് മുന്‍ അംഗവുമായ ക്ലൈവ് പാമറുടെ കീഴിലുള്ള ബ്ലൂ സ്റ്റാര്‍ലൈന്‍ കമ്പനിയാണ് പഴയ ടൈറ്റാനിക്കിന്റെ അതേ മാതൃകയില്‍ പുതിയ കപ്പല്‍ പണിയുന്നത്. കപ്പല്‍ പുനസൃഷ്ടിച്ച് 2027-ല്‍ ആദ്യ യാത്ര നടത്താനാണു പദ്ധതി.

കഴിഞ്ഞ ദിവസം സിഡ്നി ഓപ്പറ ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം പാമര്‍ പ്രഖ്യാപിച്ചത്. ടൈറ്റാനിക്-2ന്റെ രൂപരേഖയും പുറത്തുവിട്ടു. ആദ്യ ടൈറ്റാനിക്കിലെ അതേപോലെയാകും കപ്പലിന്റെ ഉള്‍ഭാഗം. 56,000 ടണ്‍ ഭാരമുള്ള കപ്പലിന് 500 മില്യന്‍ മുതല്‍ ഒരു ബില്യന്‍ ഡോളര്‍ വരെ കപ്പലിന് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയിലാണു നിര്‍മിക്കുന്നതെങ്കിലും പുതിയ കപ്പലിന് വലുപ്പം കൂടുതലായിരിക്കുമെന്നു പാമര്‍ അറിയിച്ചു.

ഒമ്പതു നിലകള്‍, 2,435 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ടൈറ്റാനിക്കിലുണ്ടായിരുന്ന പോലെയുള്ള ഗംഭീരമായ പടിക്കെട്ട് എന്നിവയൊക്കെ ടൈറ്റാനിക്-2-ലുണ്ടാകും. പഴമയുടെ തനിമയും 21-ാം നൂറ്റാണ്ടിന്റെ സുരക്ഷാസംവിധാനവും കോര്‍ത്തിണക്കിയ കപ്പലാകും ഇതെന്ന് പാമര്‍ പറഞ്ഞു.



2012-ലാണ് പാമര്‍ ടൈറ്റാനിക് 2 നിര്‍മിക്കാനുള്ള പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ 2015-ല്‍ പദ്ധതിയില്‍നിന്നും പിന്മാറി. പിന്നീട് വീണ്ടും 2018-ല്‍ പദ്ധതി പുനരുജ്ജീവിപ്പിച്ചു. 2022-ല്‍ കപ്പല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. പക്ഷേ, കോവിഡ് വില്ലനായതോടെ പദ്ധതി രണ്ടാമതും തടസപ്പെട്ടു. ഇപ്പോള്‍ വീണ്ടും പദ്ധതിയുമായി രംഗത്തുവന്നിരിക്കുകയാണ് 69-കാരനായ പാമര്‍. യാത്ര ചെയ്യാന്‍ താല്‍പര്യം അറിയിച്ച്
ഇപ്പോള്‍ തന്നെ നിരവധി പേര്‍ സമീപിച്ചിട്ടുണ്ടെന്നു പാമര്‍ പറഞ്ഞു.

'അപ്രതീക്ഷിതമായ വന്നുചേര്‍ന്ന പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് ടൈറ്റാനിക് രണ്ടിന് ജീവന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ പുനരാരംഭിച്ചതായി സന്തോഷത്തോടെ അറിയിക്കട്ടെ. തീര്‍ച്ചയായും ആദ്യത്തെ ടൈറ്റാനിക്കിനെക്കാള്‍ മഹത്തായ ഒരു കപ്പലായിരിക്കും ഇത്'- ക്ലൈവ് പാമര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കപ്പല്‍ നിര്‍മ്മിക്കാനുള്ള ടെന്‍ഡറുകള്‍ ക്ഷണിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ ബ്ലൂ സ്റ്റാര്‍ലൈന്‍ കമ്പനി. അടുത്ത വര്‍ഷം ടെന്‍ഡര്‍ നല്‍കി നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1912ലാണ് ബ്രിട്ടനിലെ സതാംപ്റ്റണില്‍നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് 2200 പേരുമായി പുറപ്പെട്ട ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങിയത്. യാത്രക്കാരില്‍ 1500-ലേറെപ്പേര്‍ മരിച്ചു.

2027 ജൂണില്‍ പുതിയ ടൈറ്റാനിക് നീറ്റിലിറങ്ങുമെന്ന് ബ്ലൂ സ്റ്റാര്‍ലൈന്‍ വ്യക്തമാക്കി. ആദ്യ ടൈറ്റാനിക്കിന്റെ കന്നിയാത്രാ പാതയായ സതാംപ്റ്റണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് ടൈറ്റാനിക്-2 ആദ്യയാത്ര നടത്തും.

2013-ല്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പാമറിന്റെ ആസ്തിയായി കണക്കാക്കുന്നത് 4.2 ബില്യന്‍ ഡോളറാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.