വത്തിക്കാൻ സിറ്റി: ഉടൻ വിരമിക്കാൻ തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും തനിക്കില്ലെന്നും ദൈവാനുഗ്രഹത്താൽ ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ. മാർച്ച് 19 ന് പുറത്തിറങ്ങുന്ന ‘ലൈഫ് - മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ആത്മകഥയിലാണ് മാർപാപ്പയുടെ വെളിപ്പെടുത്തൽ.
മാർപാപ്പ പദവി ജീവിതകാലം മുഴുവനുള്ളതാണെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടായാൽ സമർപ്പിക്കേണ്ട രാജിക്കത്ത് തയാറാക്കി സ്റ്റേറ്റ് സെക്രട്ടേറിയറ്റിനെ ഏൽപിച്ചിട്ടുണ്ട്. പത്രോസിന്റെ പിന്തുടർച്ചക്കാരനായുള്ള സേവനം ജീവിതകാലം മുഴുവൻ ചെയ്യാനുള്ള ഒന്നാണെന്നാണ് താൻ കരുതുന്നതെന്ന് പാപ്പ കുറിച്ചു.
എന്നാൽ വലിയ ഒരു ശാരീരിക പ്രതിസന്ധിയുണ്ടായാൽ കാര്യങ്ങൾ മാറിമറിയുമെന്ന് രാജിയുമായി ബന്ധപ്പെട്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സൂക്ഷിച്ചിട്ടുള്ള തന്റെ കത്തിനെ പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. അങ്ങനെ ഒരു അവസ്ഥയുണ്ടായാൽ എമരിറ്റസ് പാപ്പ എന്നതിനേക്കാൾ റോമിന്റെ മുൻ മെത്രാൻ എന്ന വിശേഷണമായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്നും പാപ്പ വ്യക്തമാക്കി. രാജിവെച്ചാൽ റോമിലെ മരിയ മേജർ ബസിലിക്കയിൽ താമസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.
ഇറ്റാലിയൻ മാധ്യമ പ്രവർത്തകൻ മാർചിസ് റഗോണയുമൊത്ത് എഴുതിയ ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ പത്രം പ്രസിദ്ധപ്പെടുത്തി. രണ്ടാം ലോക യുദ്ധം, അർജന്റീനയിലെ പട്ടാള അട്ടിമറി, വത്തിക്കാനിലെ ഉപജാപങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആത്മകഥയിൽ പരാമർശമുണ്ട്.
വിമർശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കുന്നു. മാറേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങൾ സഭയിലുണ്ട്. എതിർപ്പുകൾ ഉണ്ടെങ്കിലും നവീകരണ ശ്രമങ്ങൾ തുടരുമെന്നും മാർപാപ്പ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.