റഷ്യയില്‍ പോളിങ് പുരോഗമിക്കുന്നു; ആശങ്കയില്ലാതെ പുടിന്‍: കേരളത്തിലും വോട്ടെടുപ്പ്

റഷ്യയില്‍ പോളിങ് പുരോഗമിക്കുന്നു; ആശങ്കയില്ലാതെ പുടിന്‍: കേരളത്തിലും വോട്ടെടുപ്പ്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മൂന്നു ദിവസത്തെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്നലെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പ്രധാന എതിരാളികളെ ജയിലിലടക്കുകയോ നാടുകടത്തുകയോ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയോ ചെയ്ത് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തിയതിനാല്‍ നിലവിലെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്നെ ഏകപക്ഷീയമായി വിജയിച്ച് അഞ്ചാം തവണയും അധികാരത്തില്‍ വരുമെന്നാണ് വിലയിരുത്തല്‍.

11.4 കോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലും ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഫലം ഞായറാഴ്ച പുറത്തുവരും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മേയില്‍ അധികാരമേല്‍ക്കും.

പുടിനെ എതിര്‍ക്കാന്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാത്രമേ റഷ്യയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നിക്കോളായ് ഖാരിറ്റോനോവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലിയോനിഡ് സ്ലട്‌സ്‌കി, ന്യൂ പീപ്ള്‍ പാര്‍ട്ടി നേതാവ് വ്‌ളാഡിസ്ലാവ് ദാവന്‍കോവ് എന്നിവര്‍ മത്സര രംഗത്തുണ്ടെങ്കിലും പുടിന് വെല്ലുവിളിയാകില്ലെന്നാണ് വിലയിരുത്തല്‍.

ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ഇതുസംബന്ധിച്ച പൊതുജനാഭിപ്രായം പ്രകടമാകുമെന്നാണ് സൂചന.

പുടിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ കുറഞ്ഞത് 2030 വരെ അദ്ദേഹത്തിന്റെ ഭരണം നീട്ടും. 2020 ലെ ഭരണഘടനാ ഭേദഗതിയാണ് അദ്ദേഹത്തിന് വീണ്ടും മത്സരിക്കാനും 2036 വരെ അധികാരത്തില്‍ തുടരാനും അനുവദിക്കുന്നത്.

കേരളത്തിലും വോട്ടെടുപ്പ് കേന്ദ്രം

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലും വോട്ടെടുപ്പ് കേന്ദ്രം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്തെ റഷ്യന്‍ ഫെഡറേഷന്റെ ഓണററി കോണ്‍സുലേറ്റായ റഷ്യന്‍ ഹൗസിലാണ് ബൂത്ത് ക്രമീകരിച്ചിരുന്നത്. പ്രത്യേകം ക്രമീകരിച്ച ബൂത്തില്‍ കേരളത്തില്‍ താമസിക്കുന്ന റഷ്യന്‍ പൗരന്മാര്‍ റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തി.

ഇത് മൂന്നാം തവണയാണ് റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേരളത്തില്‍ പോളിങ് ബൂത്ത് ക്രമീകരിക്കുന്നത്. വോട്ട് ചെയ്യാനെത്തിയവരെല്ലാം ഒന്നുകില്‍ ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നവരോ വിനോദസഞ്ചാരത്തിനായി എത്തിയവരോ ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.