'ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാം'; 2018 ലെ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

'ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാം'; 2018 ലെ പരാമര്‍ശത്തിന്റെ പേരില്‍  രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വീണ്ടും സമന്‍സ്. ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന പരാമര്‍ശത്തിന്റെ പേരിലാണ് പുതിയ സമന്‍സ്.

മാര്‍ച്ച് 27ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്. ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് 2018 ല്‍ രാഹുല്‍ പറഞ്ഞതിനാണ് ഇപ്പോള്‍ സമന്‍സ്. ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് കോടതി നടപടി.

2018 ലെ കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിനിടെയാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമര്‍ശം നടത്തിയത്. സമാനമായ കേസ് ഉത്തര്‍പ്രദേശിലും നിലവിലുണ്ട്. യുപി സുല്‍ത്താന്‍പൂര്‍ കോടതിയില്‍ രാഹുല്‍ ഹാജരായി ജാമ്യം നേടിയിരുന്നു.

അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് യുപിയില്‍ കേസ് നല്‍കിയത്. അതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാക്കി എന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിരുന്നു.

നേരത്തെ അപകീര്‍ത്തിക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുലിന് എംപി സ്ഥാനം നഷ്ടമായിരുന്നു. പിന്നീട് കോടതി ഉത്തരവിലൂടെയാണ് സ്ഥാനം തിരികെ ലഭിച്ചത്. കര്‍ണാടകയിലെ കോലാറില്‍ 2019 ല്‍ മോഡിക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചത്.

അപകീര്‍ത്തി പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ റാഞ്ചിയിലെ വിചാരണക്കോടതിയില്‍ നടക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.