ട്രംപ് നയങ്ങളിൽ തിരുത്തലുകൾ തുടരുന്നു; ട്രാൻസ്ജെന്ഡേഴ്സിന് സൈനീക സേവനത്തിനനുമതി

ട്രംപ് നയങ്ങളിൽ തിരുത്തലുകൾ തുടരുന്നു; ട്രാൻസ്ജെന്ഡേഴ്സിന് സൈനീക സേവനത്തിനനുമതി

വാഷിംഗ്‌ടൺ: ട്രാൻസ്ജെൻഡർ വ്യക്തികളെ സൈനീക സേവനത്തിൽ നിന്ന് വിലക്കിയ ട്രംപ് നയം തിരുത്തികൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച ഉത്തരവിൽ ഒപ്പുവച്ചു .ഈ ഉത്തരവ് അനുസരിച്ച് ലിംഗ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സൈനിക അംഗത്തെ സൈന്യത്തിൽ നിന്ന് പുറത്താക്കുന്നതിൽ നിന്നും വിലക്കുന്നു.

സമത്വവും സാഹോദര്യവും അമേരിക്കൻ സമൂഹത്തിലേക്ക് തിരികെ കൊണ്ട് വരണം എന്ന കാഴ്ചപ്പാടിലാണ് ബൈഡൻ ഭരണകൂടം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . യോഗ്യതയുള്ള എല്ലാ അമേരിക്കക്കാരെയും അവരുടെ രാജ്യത്തെ, യൂണിഫോമിൽ സേവിക്കാൻ പ്രാപ്തരാക്കുകയാണ് താൻ ചെയ്യുന്നത് എന്ന് ഉത്തരവിൽ ഒപ്പുവയ്ക്കുന്ന അവസരത്തിൽ പ്രസിഡന്റ് വിശദീകരിച്ചു.

സൈന്യത്തിനും തീരസംരക്ഷണ സേനയ്ക്കും വേണ്ടിയുള്ള ഈ ഉത്തരവ് അനുസരിച്ച് നടപടികൾ സ്വീകരിക്കാൻ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രംപ് ഭരണത്തിൽ സൈനീക സേവനത്തിൽ നിന്നും പുറത്താക്കപ്പെട്ടവരുടെയോ വീണ്ടും പ്രവേശനം നിഷേധിച്ച ആളുകളുടെയോ രേഖകൾ പുനഃപരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

60 ദിവസത്തിനുള്ളിൽ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി പ്രസിഡന്റിന് കൈമാറണം . അമേരിക്കയിലെ എൽ ജി ബി ടി സംഘടനകൾ ഈ ഉത്തരവ് ട്രാൻസ്‌ജെൻഡർ വിവേചനത്തിനെതിരായ പോരാട്ടത്തിലെ നിർണ്ണായകമെന്നു അഭിപ്രായപ്പെട്ടു; എന്നാൽ ഫാമിലി റിസർച്ച് കൗൺസിൽ പ്രസിഡന്റ് ടോണി പെർകിൻസിനെപ്പോലുള്ളവർ ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അമേരിക്കൻ പണം മിഷൻ-ക്രിട്ടിക്കൽ പരിശീലനത്തിന് ഉപയോഗിക്കുന്നതിന് പകരം ലിംഗ മാറ്റ ശസ്ത്രക്രിയ പോലെയുള്ള പ്രവർത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

പലകാര്യങ്ങളിലും യാഥാസ്ഥിക മനോഭാവം പുലർത്തിയിരുന്ന ട്രംപിന്റെ നയങ്ങൾ തകർക്കാൻ ജോബൈഡൻ പ്രസിഡന്റായിരുന്ന ആദ്യ ദിവസങ്ങളിൽ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ നിരോധനം അസാധുവാക്കാനുള്ള നീക്കം.

ഏതാനും വർഷങ്ങൾക്കുമുമ്പ് സൈനീക അംഗങ്ങളെ ട്രാൻസ്ജെൻഡർ ആയതിനാൽ സൈന്യത്തിൽ നിന്ന് ഒഴിവാക്കുവാൻ കഴിയുമായിരുന്നു, എന്നാൽ ഒബാമയുടെ ഭരണകാലത്ത് ഈ നിയമം മാറ്റി.

ട്രംപ് അധികാരമേറ്റ ശേഷം, ട്രാൻസ്ജെൻഡേഴ്സിനെ സൈനീക സേവനത്തിന് സർക്കാർ അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യില്ലെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് തന്റെ തീരുമാനം ലോകത്തെ അറിയിച്ചു. ട്രംപിന്റെ ഭ്രൂണഹത്യക്കെതിരായ നയങ്ങളും ഉടൻ തന്നെ മാറ്റപെടുമെന്നു നിരീക്ഷകർ കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.