ന്യൂഡല്‍ഹി: ഇത് ഹൈഡ് പാര്‍ക്ക് കോര്‍ണര്‍ മീറ്റിങ്ങല്ലെന്നും നിങ്ങള്‍ കോടതിയിലാണെന്നും ഇലക്ടറല്‍ ബോണ്ട് വാദത്തിനിടെ ശബ്ദമുയര്‍ത്തിയ അഭിഭാഷകനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.
ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ എന്റെ തീരുമാനം ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു. ഒരു ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് നല്‍കണം. അതാണ് ഈ കോടതിയിലെ നിയമമെന്നും അദേഹം പറഞ്ഞു.
ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപൂര്‍ണമായ ഡാറ്റ നല്‍കിയത് സംബന്ധിച്ച ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് പരിഗണിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ക്ക് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്.
ഇലക്ടറല്‍ ബോണ്ട് കേസ് ന്യായമായ പ്രശ്‌നമല്ലെന്ന് പറഞ്ഞ അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ കേസ് നയപരമായ കാര്യമായിരുന്നുവെന്നും കോടതി ഇടപെടേണ്ടിയിരുന്നില്ലെന്നും വാദിച്ചതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇടപെടുകയായിരുന്നു.
താന്‍ പറയുന്നത് ശ്രദ്ധിക്കാന്‍ പറഞ്ഞതോടെ അഡ്വ. മാത്യൂസ് നെടുമ്പാറ താന്‍ ഇന്ത്യന്‍ പൗരനാണെന്ന് ചീഫ് ജസ്റ്റിസിനു നേരെ ശബ്ദമുയര്‍ത്തി. ഇതോടെ തനിക്ക് നേരെ ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
വീണ്ടും അഡ്വ. മാത്യൂസ് നെടുമ്പാറ സംസാരിച്ച് തുടങ്ങിയതോടെ ജസ്റ്റിസ് ബി.ആര്‍ ഗവായ് ഇടപെട്ടു. നീതിനിര്‍വഹണ പ്രക്രിയയില്‍ തടസം നില്‍ക്കുകയാണ് നെടുമ്പാറ ചെയ്യുന്നതെന്ന് അദേഹം പറഞ്ഞു. എന്നാല്‍ അഭിഭാഷകന്‍ വീണ്ടും വാഗ്വാദം തുടരുകയായിരുന്നു. നിര്‍ദിഷ്ട നടപടി ക്രമം പാലിക്കുന്നത് വരെ ഞങ്ങള്‍ നിങ്ങളെ കേള്‍ക്കില്ലെന്ന് ബെഞ്ച് ഇതോടെ തീര്‍ത്ത് പറഞ്ഞു.
ഇതിനിടെ ഇടപെടാന്‍ ശ്രമിച്ച മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെയും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആദിഷ് അഗര്‍വാലയുടെയും വാദം കേള്‍ക്കാനും കോടതി വിസമ്മതിച്ചു.
മുന്‍ കാലങ്ങളില്‍ അഭിഭാഷകന്‍ നേരിട്ട കോടതിയലക്ഷ്യ നടപടിയെക്കുറിച്ചും ബെഞ്ച് ഓര്‍മിപ്പിച്ചു. 2019 ല്‍ അഡ്വ. നെടുമ്പാറയെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോടതി അദേഹത്തെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ഒരു വര്‍ഷത്തേക്ക് സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നു വിലക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.