യു.കെയില്‍ നഴ്‌സിങ് ഹോമിലെ വയോധികനായ അന്തേവാസിയെ ദേഹോപദ്രവം ഏല്‍പിച്ച മലയാളി കെയര്‍ വര്‍ക്കര്‍ക്ക് തടവുശിക്ഷ

യു.കെയില്‍ നഴ്‌സിങ് ഹോമിലെ വയോധികനായ അന്തേവാസിയെ ദേഹോപദ്രവം ഏല്‍പിച്ച മലയാളി കെയര്‍ വര്‍ക്കര്‍ക്ക് തടവുശിക്ഷ

ഡെവോണ്‍: യു.കെയില്‍ നഴ്‌സിങ് ഹോമിലെ വയോധികനായ അന്തേവാസിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ മലയാളിക്ക് തടവുശിക്ഷ. ഡെവണിലെ എക്സ്റ്ററില്‍ ഉള്ള ലാന്‍ഫോര്‍ഡ് പാര്‍ക്ക് കെയര്‍ ഹോമില്‍ വച്ചാണ് മലയാളിയായ ജിനു ഷാജിയുടെ മര്‍ദനത്തിന് ഡിമെന്‍ഷ്യ ബാധിതനായ 94-കാരന്‍ ഇരയായത്. എക്സ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ജിനുവിന് 12 മാസം തടവുശിക്ഷ വിധിച്ചത്. ബി.ബി.സി അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവം. കെയര്‍ ഹോമില്‍ ജോലി ചെയ്യുന്ന 26കാരനായ ജിനു ഷാജി വയോധികന്റെ കാലുകള്‍ തലയ്ക്കു മുകളിലൂടെ പിന്നിലേക്ക് വലിച്ചു പിടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതിനെതുടര്‍ന്നാണ് അദ്ദേഹത്തിന്റെ കുടുംബം കോടതിയെ സമീപിച്ചത്. വേദന കൊണ്ട് വയോധികന്‍ നിലവിളിച്ചെങ്കിലും ജിനു പിടിവിട്ടില്ല. നാല് മിനിറ്റോളം കാലുകള്‍ ഉയര്‍ത്തിപ്പിടിച്ചു.

വയോധികന്റെ കാലുകളില്‍ കണ്ട ചതവുകളെക്കുറിച്ച് മാനേജ്‌മെന്റിനോട് ആശങ്ക പ്രകടിപ്പിച്ച ബന്ധുക്കള്‍ മുറിയില്‍ ക്യാമറ സ്ഥാപിച്ചു. ഇതില്‍ ജിനു കുടുങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സിസിടിവിയില്‍ കണ്ട ജിനുവിന്റെ സഹപ്രവര്‍ത്തകന് പോലീസ് മുന്നറിയിപ്പ് നല്‍കി.

സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തതോടെ ജിനു ഷാജി നാട്ടിലേക്കു പറന്നു, മൂന്ന് മാസം ഇവിടെ തുടര്‍ന്നു. എന്നാല്‍ യുകെയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ജിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജിനു ഷാജി കേസില്‍ കുടുങ്ങിയതോടെ ഇയാള്‍ ജോലി ചെയ്തിരുന്ന 35 ബെഡ് കപ്പാസിറ്റിയുള്ള കെയര്‍ ഹോം അടച്ചുപൂട്ടുകയും പിന്നീട് മറ്റൊരു മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

ഷിഫ്റ്റ് പാറ്റേണ്‍ മൂലം കനത്ത സമ്മര്‍ദത്തിലായിരുന്നു ജിനുവെന്ന് പ്രതിഭാഗം വാദിച്ചു. വര്‍ക്ക് വിസയെ ബാധിക്കുമെന്ന് ഭയന്ന് ഇതേക്കുറിച്ച് പരാതി പറയാന്‍ ഭയന്നിരുന്നു. ഈ സമയത്ത് സംഭവിച്ച പ്രവൃത്തികളില്‍ ദുഖമുണ്ടെന്ന് ജിനു സമ്മതിച്ചു.

സ്‌നേഹത്തോടെ പരിചരിക്കാന്‍ എത്തിയ ആള്‍ തന്നെ മര്‍ദകനായി മാറിയത് തികച്ചും അവിശ്വസനീയം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥ ഷാര്‍ലെറ്റ് ഹീത്ത് പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.