ബുര്‍ക്കിന ഫാസോയില്‍ ദേവാലയങ്ങളെ ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണങ്ങള്‍; ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പോലും പങ്കെടുക്കാനാവാതെ വിശ്വാസികള്‍

ബുര്‍ക്കിന ഫാസോയില്‍ ദേവാലയങ്ങളെ ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണങ്ങള്‍; ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പോലും പങ്കെടുക്കാനാവാതെ വിശ്വാസികള്‍

വാഗഡൂഗു: ബുര്‍ക്കിന ഫാസോയില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികള്‍ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കുന്ന സാഹചര്യത്തില്‍
ഞായറാഴ്ച ശുശ്രൂഷകളില്‍ പോലും പങ്കെടുക്കാനാവാതെ വിശ്വാസികള്‍ ധര്‍മസങ്കടത്തില്‍. ഭീകരാക്രമണങ്ങളില്‍ നിരവധി സാധാരണക്കാരായ വിശ്വാസികളാണ് കൊല്ലപ്പെടുന്നത്. അതിനാല്‍ സുരക്ഷയെ കരുതി സ്വന്തം വീടുകളില്‍ പ്രാര്‍ഥിക്കാനാണ് ഇപ്പോള്‍ ഈ രാജ്യത്തെ ഭൂരിപക്ഷം ക്രിസ്ത്യാനികളും താല്‍പര്യപ്പെടുന്നത്.

ഫെബ്രുവരി 25-ന് ഈ പശ്ചിമാഫ്രിക്കന്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഒരു കത്തോലിക്കാ പള്ളിയില്‍ കലാപകാരികള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാലി അതിര്‍ത്തിയോട് ചേര്‍ന്നുള്ള എസാകാനെ ഗ്രാമത്തില്‍ ഞായറാഴ്ച പള്ളിയില്‍ അതിക്രമിച്ച് കയറിയ ഇസ്ലാമിക തീവ്രവാദികളെന്ന് സംശയിക്കുന്ന തോക്കുധാരികള്‍, മാതാപിതാക്കളുടെ മടിയിലിരുന്ന കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക സഭാ അധികൃതര്‍ പറഞ്ഞു.


ബുര്‍ക്കിന ഫാസോയിലെ ഔഗാഡൗഗൂവിലുള്ള ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്ന തീര്‍ത്ഥാടകര്‍

'സഭക്കും വിശ്വാസികള്‍ക്കുമെതിരെയുള്ള ആക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഈ ദുഷ്‌കരമായ സമയത്ത് ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി നിങ്ങളുടെ പ്രാര്‍ഥന അഭ്യര്‍ഥിക്കുകയാണ്' - ആക്രമണം നടന്ന ഡോറി രൂപതയുടെ വികാരി ജനറല്‍ ഫാ. ജീന്‍ പിയറി സവാഡോഗോ പറഞ്ഞു. 'ജനങ്ങളെല്ലാം ഭയത്തിലാണ്. ഇത് സങ്കടകരമായ സാഹചര്യമാണ്. ആളുകള്‍ ആരാധനാലയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തുടര്‍ന്നാല്‍ അത് അജപാലന പ്രവര്‍ത്തനങ്ങളെ ബാധിക്കും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ ആക്രമണങ്ങള്‍ ഭയന്ന് കുര്‍ബാനയില്‍ പോലും പങ്കെടുക്കാന്‍ ഭയപ്പെടുന്നുവെന്നും ഡോറി രൂപതയിലെ മുന്‍ മതബോധന വിദഗ്ധന്‍ മാര്‍ട്ടിന്‍ ഔഡ്രാഗോ പറഞ്ഞു.

21 ദശലക്ഷം ജനങ്ങളുള്ള പശ്ചിമാഫ്രിക്കന്‍ രാജ്യത്തില്‍ 2015 മുതല്‍ സര്‍ക്കാരും ഇസ്ലാമിസ്റ്റ് വിമതരും തമ്മില്‍ ആഭ്യന്തര യുദ്ധത്തിലാണ്. ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ 50% പ്രദേശം വിമത സായുധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. ഭീകരാക്രമണങ്ങള്‍ മൂലം ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് 25 ശതമാനം ക്രിസ്ത്യാനികളാണുള്ളത്. 2023-ല്‍ മാത്രം നടന്ന 2,000 സംഭവങ്ങളിലായി 7,600 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മുതല്‍, ഇസ്ലാമിക തീവ്രവാദികള്‍ ഗ്രാമങ്ങളിലും പള്ളികളിലും ജോലി സ്ഥലങ്ങളിലും ക്രിസ്ത്യാനികളെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ആക്രമണങ്ങള്‍ നടത്തുന്നു.

തീവ്രവാദികള്‍ പള്ളികള്‍ നശിപ്പിക്കുകയും പരസ്യ ആരാധന നടത്തരുതെന്ന് ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ആഗോള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ 2024-ലെ റിപ്പോര്‍ട്ടില്‍ ബുര്‍ക്കിന ഫാസോയെ ക്രിസ്ത്യാനിയായി ജീവിക്കാന്‍ സാധ്യമല്ലാത്ത, ഏറ്റവും മോശമായ 20-ാമത്തെ രാജ്യമായി തിരഞ്ഞെടുത്തിരുന്നു.

'ബുര്‍ക്കിന ഫാസോ മതസഹിഷ്ണുതയ്ക്കും സാമൂഹിക ഐക്യത്തിനും പേരുകേട്ടിരുന്ന രാജ്യമാണ്. എന്നാല്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിക ആക്രമണങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണിയാണ്' - സബ്-സഹാറന്‍ ആഫ്രിക്കയിലെ ഓപ്പണ്‍ ഡോര്‍സിന്റെ വക്താവ് ജോ ന്യൂഹൗസ് പറഞ്ഞു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ പക്ഷം ചേരാത്ത മുസ്ലീങ്ങളും കടുത്ത ദുരിതം അനുഭവിക്കുന്നു.

രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ കുറഞ്ഞത് 30 ഇടവകകളെങ്കിലും അടച്ചുപൂട്ടിയെന്നും നിലവിലുള്ള അരക്ഷിതാവസ്ഥ കാരണം മിക്ക അജപാലന പ്രവര്‍ത്തനങ്ങളും തടസപ്പെട്ടതായും ബുര്‍ക്കിനാ ഫാസോ നൈജര്‍ ബിഷപ്പ് കോണ്‍ഫറന്‍സിലെ അംഗങ്ങള്‍ പറഞ്ഞു.

അല്‍ ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ മൂലം അവരുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ ഭയക്കുന്നു.

സൈനിക സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ബുര്‍ക്കിന ഫാസോയില്‍ കലാപം ആരംഭിച്ചതു മുതല്‍ നൂറുകണക്കിന് സഭാ നേതാക്കളെയും അവരുടെ കുടുംബങ്ങളെയും തട്ടിക്കൊണ്ടുപോകുകയും വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഭൂരിഭാഗം ക്രിസ്ത്യാനികളും അവരുടെ വിശ്വാസം കാരണം സ്വന്തം നാട്ടില്‍ നിന്നും വീടുകളില്‍ നിന്നും കുടിയിറക്കപ്പെടുകയും ക്യാമ്പുകളില്‍ താമസിക്കുകയും ചെയ്യുന്നവരാണ്. പല കുടുംബങ്ങള്‍ക്കും അവരുടെ പ്രിയപ്പെട്ടവരെയും വീടുകളും സ്വത്തുക്കളും നഷ്ടപ്പെട്ടു. അവരുടെ കുട്ടികള്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ക്യാമ്പുകളില്‍ കഴിയുകയുമാണ് ഇപ്പോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.