ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി എസ്ബിഐക്ക് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇലക്ട്രിക്കല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം എന്നതാണ് സുപ്രീം കോടതി നിര്‍ദേശം. കൂടാതെ സത്യവാങ്മൂലം സമര്‍പ്പിക്കാനും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏത് പാര്‍ട്ടിക്കാണ് ബോണ്ടുകള്‍ ലഭിച്ചതെന്ന് തിരിച്ചറിയാനുള്ള ആല്‍ഫ ന്യൂമറിക് നമ്പറുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. വ്യാഴാഴ്ച അഞ്ചിന് മുന്‍പ് എസ്ബിഐ ചെയര്‍മാനും മാനേജിങ് ഡയറക്ടറും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. എസ്ബിഐയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്ബിഐ പുറത്തുവിട്ട വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തേണ്ടതുണ്ടെന്ന് വിധിയില്‍ വ്യക്തമാണ്. സെലക്ടീവായിരിക്കരുത്. ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ കൈവശമുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല നിങ്ങള്‍ ഹാജരാകുന്നതെന്ന് തങ്ങള്‍ അനുമാനിക്കുന്നു. ഈ കോടതിയുടെ വിധി അനുസരിക്കാന്‍ എസ്ബിഐ ബാധ്യസ്ഥമാണ്. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
തിരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ചു നല്‍കിയ വിവരങ്ങള്‍ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി നേരത്തേ എസ്ബിഐക്ക് നോട്ടീസ് നല്‍കിയിരുന്നു. കോടതി ആവശ്യപ്പെട്ടാല്‍ മാത്രം ചില വിവരങ്ങള്‍ നല്‍കാം എന്ന നിലപാടാണ് എസ്ബിഐക്കുള്ളത്. അതിനായി കാത്തിരിക്കേണ്ടതില്ല. എല്ലാ വിവരങ്ങളും കൈമാറണം എന്നു കോടതി ആവശ്യപ്പെട്ടാല്‍ എല്ലാ വിവരങ്ങളും നല്‍കിയേ മതിയാകൂ എന്നും കോടതി പറഞ്ഞിരുന്നു.
ഇലക്ട്രല്‍ ബോണ്ടുകളില്‍ നിയമനിര്‍മാണത്തിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന് കണ്ടെത്തലുണ്ടായിരുന്നു. ഇലക്ട്രല്‍ ബോണ്ടുകള്‍ രഹസ്യമാക്കി വയ്ക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ നീക്കങ്ങളും പുറത്തുവന്നു. കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് എസ്ബിഐ പണം നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണ് എന്നതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ 15 ദിവസത്തിനകം ഉപയോഗിക്കണമെന്ന് നിയമത്തിലെ വ്യവസ്ഥ. കാലാവധി കഴിഞ്ഞ ചില ബോണ്ടുകളില്‍ എസ് ബി ഐ പണം നല്‍കിയത് ധനമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നുവെന്നാണ് കണ്ടെത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.