'അരാജകത്വമുണ്ടാക്കും': തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് സ്റ്റേ അനുവദിക്കില്ലെന്നാവര്‍ത്തിച്ച് സുപ്രീം കോടതി

'അരാജകത്വമുണ്ടാക്കും': തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് സ്റ്റേ അനുവദിക്കില്ലെന്നാവര്‍ത്തിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്ന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടാക്കണമെന്ന ഉത്തരവ് മറികടക്കുന്ന നിയമ നിര്‍മാണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ല എന്ന് സുപ്രീം കോടതി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ അങ്ങനെ ചെയ്യുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പുതിയ നിയമ പ്രകാരം സെലക്ഷന്‍ പാനലില്‍ മാറ്റങ്ങള്‍ വരുത്തി തിരഞ്ഞെടുത്ത പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കതെിരെ ആരോപണങ്ങളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിയമം തെറ്റാണെന്ന് കരുതാനാവില്ലെന്നും ഹര്‍ജിക്കാരോട് കോടതി പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനം സംബന്ധിച്ച ബില്‍ കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കുകയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തിരുന്നു.

പുതിയ നിയമ പ്രകാരം ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കമ്മിറ്റിയില്‍ ഇപ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവും ആണ് ഉള്ളത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിലെ നിഷ്പക്ഷതയെ വെല്ലുവിളിക്കുന്നതാണ് എന്നതാണ് ആരോപണം.

അതേസമയം ജുഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സമിതി നിഷ്പക്ഷമാകൂ എന്ന വാദം തെറ്റാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിയമ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.

കഴിഞ്ഞ ആഴ്ച ഹര്‍ജി പരിഗണിച്ചപ്പോഴും നിയമം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കാനുള്ള യോഗം നേരത്തെ വിളിച്ചു ചേര്‍ത്തതാണെന്നും വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് മറ്റൊരു ഹര്‍ജി സമര്‍പ്പിക്കാനുമായിരുന്നു സുപ്രീ കോടതി അന്ന് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.