ന്യൂഡല്‍ഹി: കൂടത്തായി കൊലക്കേസില്‍ കുറ്റവിമുക്തയാക്കണമെന്ന മുഖ്യപ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രണ്ടര വര്‍ഷമായി ജയിലാണെന്ന് ജോളി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അങ്ങനെയെങ്കില്‍ ജാമ്യപേക്ഷ നല്‍കാനായിരുന്നു കോടതിയുടെ മറുപടി. ഹര്‍ജി സമര്‍പ്പിക്കാന്‍ ജോളിക്ക് സുപ്രീം കോടതി അനുമതി നല്‍കി.
കൂടത്തായി കേസ് കേരളത്തിലെ പ്രമാദമായ കേസാണെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകന്‍ സച്ചിന്‍ പവഹയാണ് ജോളിക്കായി ഹാജരായത്.
ജോളിയുടെ ഭര്‍തൃ മാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019 ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറം ലോകം അറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണമായിരുന്നു കൊലപാതക പരമ്പരയില്‍ ആദ്യത്തേത്.
ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു. അതിന് പിന്നാലെ അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു.
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.