ലണ്ടന്‍: വില്യം രാജകുമാരന്റെ ഭാര്യയും വെയില്‍സ് രാജകുമാരിയുമായ കേറ്റ് മിഡില്‍ടണിന് അര്‍ബുദം സ്ഥിരീകരിച്ചു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ പ്രസ്താവനയിലൂടെ കേറ്റ് തന്നെയാണ് ഇക്കാര്യം വിശദമാക്കിയത്. ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അര്‍ബുദം സ്ഥിരികരിച്ചതെന്നും ചികിത്സയുടെ പ്രാഥമിക ഘട്ടം പുരോഗമിക്കുന്നതായും കേറ്റ് വിശദമാക്കി. പിന്തുണാ സന്ദേശങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ച ശേഷമാണ് രോഗാവസ്ഥയെക്കുറിച്ച് അവര്‍ തുറന്നു സംസാരിച്ചത്.
ക്രിസ്തുമസിന് ശേഷം കേറ്റിനെ പൊതു ഇടങ്ങളില്‍ കാണാതിരുന്നത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടയില്‍ മാതൃദിനത്തില്‍ കൊട്ടാരം പുറത്തുവിട്ട ചിത്രത്തില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രമുഖ ഫോട്ടോ ഏജന്‍സികള്‍ ചിത്രം പിന്‍വലിച്ചത് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിനിടയിലാണ് കേറ്റ് തന്നെ രോഗവിവരങ്ങള്‍ വിശദമാക്കി രംഗത്തെത്തിയത്.
ജനുവരിയില്‍ നടത്തിയ ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭ ഘട്ടത്തിലുള്ള കീമോതെറാപ്പികള്‍ ഫെബ്രുവരിയില്‍ ആരംഭിച്ചതായും കേറ്റ് വിശദമാക്കി. കാന്‍സര്‍ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കേറ്റ് പറഞ്ഞു. കാന്‍സര്‍ രോഗികളായ ഏതൊരാളും നിങ്ങള്‍ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് പറഞ്ഞു.
അസുഖം സുഖപ്പെടുത്താന്‍ സഹായിക്കുന്ന കാര്യങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ സുഖം പ്രാപിക്കുകയും ദിവസവും എന്റെ മനസിലും ശരീരത്തിലും ആത്മാവിലും കൂടുതല്‍ ശക്തയാകുകയും ചെയ്യുന്നുണ്ട് - കെയ്റ്റ് കൂട്ടിച്ചേര്‍ത്തു. ഏതു തരത്തിലുള്ള ക്യാന്‍സറാണെന്നോ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നോ വെളിപ്പെടുത്തിയിട്ടില്ല.
ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാല്‍ ഓപ്പറേഷനു ശേഷം നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കീമോതെറാപ്പിയുടെ ആദ്യ കോഴ്സിന് വിധേയയായി. ഇപ്പോള്‍ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും കെയ്റ്റ് പറഞ്ഞു. ഇത് തീര്‍ച്ചയായും തനിക്ക് ഷോക്കായിരുന്നുവെന്നും വില്യമും താനും പരമാവധി ഇത് സ്വകാര്യമായി തന്നെ കൈകാര്യം ചെയ്യുകയാണ് ഉണ്ടായതെന്നും കേറ്റ് പറഞ്ഞു.
നേരത്തെ ഫെബ്രുവരിയില്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാര്‍ത്താക്കുറിപ്പില്‍ രോഗവിവരം പരസ്യപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.