മനുഷ്യരെക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു; തെറ്റിദ്ധാരണ ഉണ്ടാക്കുന്ന സർക്കാർ നിലപാട് കാണുമ്പോൾ മനുഷ്യന് ഇത്രയേ വിലയുള്ളോയെന്ന് തോന്നിപ്പോകുന്നു: മാർ റാഫേൽ തട്ടിൽ

മനുഷ്യരെക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു; തെറ്റിദ്ധാരണ ഉണ്ടാക്കുന്ന  സർക്കാർ നിലപാട് കാണുമ്പോൾ മനുഷ്യന് ഇത്രയേ വിലയുള്ളോയെന്ന് തോന്നിപ്പോകുന്നു: മാർ റാഫേൽ തട്ടിൽ

നടവയൽ (വയനാട്): വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഖം സീറോ മലബാർ സഭ ഏറ്റെടുക്കുന്നുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്ക്‌കോപ്പൽ ദേവാലയത്തിൽ നടന്ന ഓശാനഞായർ തിരുക്കർമങ്ങൾക്കിടയിൽ വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.


"മനുഷ്യജീവനേക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു; തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലുള്ള സർക്കാർ ഇടപെടലുകൾ കാണുമ്പോൾ മനുഷ്യന് അത്ര പ്രാധാന്യമില്ലാത്തവനായി പോയോ എന്ന് സങ്കടം തോന്നിയിട്ടുണ്ട്. നഷ്ട‌പ്പെട്ട ജീവിതങ്ങളെല്ലാം വിലയുളളതാണ്.

കുടിയേറ്റക്കാർ കാട്ടുകള്ളന്മാരാണെന്ന മട്ടിലുള്ള ദുർവ്യാഖ്യാനങ്ങൾ കാണുമ്പോൾ മനസിൽ ദുഖം തോന്നാറുണ്ട്. ഈ നാടിനെ പറുദീസയാക്കി മാറ്റാൻ കർത്താവിന്റെ കല്പന അനുസരിച്ച് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം നാടുവിട്ട് കുടിയേറി പാർത്തവരുടെ സംഭാവനകൾ വളരെ വലുതാണ്. സഭയ്ക്ക് അവരോടുള്ള അടുപ്പം പരസ്യമായി പ്രഖ്യാപിക്കുന്നു" മാർ റാഫേൽ തട്ടിൽ പറഞ്ഞു.

മനുഷ്യരെക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ചിലരുടെ നിലപാട്. ഈ രീതി കാണുമ്പോൾ ദുഃഖം തോന്നുന്നു. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ അവസ്‌ഥ ദയനീയമാണ്. കുടിയേറ്റക്കാർ കാട്ടുകള്ളന്മാർ അല്ലെന്നും നാട്ടിൽ പൊന്നു വിളയിച്ചവരാണെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.

മാനന്തവാടി രൂപതയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളെ കൊണ്ട് ദേവാലയവും പരിസരവും നിറഞ്ഞിരുന്നു. ഓശാന ഞായർ തിരുക്കർമങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. കുരുത്തോല വെഞ്ചരിപ്പിന് ശേഷം ദേവാലയത്തിൽ നിന്നും ടൗൺ ചുറ്റി നടത്തിയ കുരുത്തോല പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ, നടവയൽ ആർച്ച് ഫ്രീസ്റ്റ് ഫാ. ഗർവ്വാസീസ് മറ്റം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അമൽ, ഫാ. അനറ്റ്, തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.