നൈജീരിയയിലെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മുന്നൂറോളം വിദ്യാര്‍ഥികളെ മോചിപ്പിച്ചതായി കഡൂണ ഗവര്‍ണര്‍

നൈജീരിയയിലെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മുന്നൂറോളം വിദ്യാര്‍ഥികളെ മോചിപ്പിച്ചതായി കഡൂണ ഗവര്‍ണര്‍

അബുജ: നൈജീരിയയിലെ സ്‌കൂളില്‍ നിന്ന് തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയ മുന്നൂറോളം വിദ്യാര്‍ഥികളെ മോചിപ്പിച്ചതായി കഡൂണ ഗവര്‍ണര്‍ ഉബ സാനി അറിയിച്ചു.

മാര്‍ച്ച് ഏഴിനാണ് നൈജീരിയന്‍ സംസ്ഥാനമായ കഡൂണയിലെ വടക്കുകിഴക്കന്‍ പ്രദേശമായ കുരിങ്ങയിലെ സ്‌കൂളില്‍ അസംബ്ലി നടക്കുന്നതിനിടെ കുട്ടികളെയും ജീവനക്കാരെയും തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയത്.

ബൈക്കിലെത്തിയ തോക്കുധാരികള്‍ എട്ടിനും 15 നും ഇടയില്‍ പ്രായമുള്ള 125 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളെയും 187 സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഒരു അധ്യാപികയെയുമാണ് തട്ടിക്കൊണ്ടുപോയത്.

25 പേരെ വൈകാതെ മോചിപ്പിച്ചു. വിദ്യാര്‍ഥികളെ മോചിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയത് നൈജീരിയയുടെ ദേശീയ സുരക്ഷാ ഉപദേശകനാണെന്നല്ലാതെ മറ്റ് വിവരങ്ങള്‍ ഗവര്‍ണര്‍ ഉബ സാനി പുറത്തു വിട്ടിട്ടില്ല.

കുട്ടികളെ വിട്ടു നല്‍കാനായി നൂറ് കോടി നൈറ (5.69 കോടി ഇന്ത്യന്‍ രൂപ) നല്‍കണമെന്ന് സംഘം ആവശ്യമുന്നയിച്ചു. എന്നാല്‍, സംഘത്തിന് പണം നല്‍കി മോചിപ്പിക്കുന്ന രീതി 2022 മുതല്‍ നിയമ വിരുദ്ധമാക്കിയതിനാല്‍ പണം നല്‍കില്ലന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ആഫ്രിക്കയിലെ ഏറ്റവും വലിയ ജനവാസ മേഖലയായ നൈജീരിയയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 2021 ല്‍ 150 സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോക്കോ ഹറാം ആണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ഇതേ സംഘടന പത്ത് വര്‍ഷം മുന്‍പ് നൈജീരിയന്‍ സംസ്ഥാനമായ ബൊര്‍ണോയിലെ ഒരു സ്‌കൂളില്‍ നിന്ന് 276 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇതില്‍ പലരെയും ഇപ്പോഴും മോചിപ്പിച്ചിട്ടില്ല.

2014 മുതല്‍ നൈജീരിയന്‍ സ്‌കൂളുകളില്‍ നിന്ന് 1,400 വിദ്യാര്‍ഥികളെയെങ്കിലും തട്ടിക്കൊണ്ട് പോയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.