'ആര്‍എസ്എസിന് ഹിറ്റ്‌ലറുടെ ആശയങ്ങള്‍; അത് ഇന്ത്യയില്‍ നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍': പിണറായി വിജയന്‍

'ആര്‍എസ്എസിന് ഹിറ്റ്‌ലറുടെ ആശയങ്ങള്‍; അത് ഇന്ത്യയില്‍ നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍': പിണറായി വിജയന്‍

മലപ്പുറം: ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടനാ സംവിധാനത്തിന് രൂപം കൊടുക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ പണ്ട് മുസോളിനിയെ പോയി കണ്ടിട്ടുണ്ട്. ഹിറ്റ്‌ലറുടെ ആശയങ്ങളാണ് ആര്‍എസ്എസ് നടപ്പാക്കുന്നത്. മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റി. നിഷ്‌കാസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആര്‍എസ്എസ് കാണുന്നത്. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. എന്നാല്‍ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

മുകള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മകനായ ധാരാഷികോ സംസ്‌കൃതം പഠിച്ചിരുന്നു. അദ്ദേഹം തര്‍ജിമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയത്.

അസീമുള്ള ഖനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആര്‍എസ്എസ് ഓര്‍ക്കണം. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്നും പിണറായി ചോദിച്ചു.

പൗരത്വ നിയമ ഭേദഗതിയില്‍ അമേരിക്ക പോലും ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ചു. ചൈനയുള്‍പ്പെടെ ഉള്ള രാജ്യങ്ങളും സിഎഎ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിഎഎക്കെതിരായി എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിഎഎക്കെതിരായി കോണ്‍ഗ്രസ് ആത്മാര്‍ഥമായി രംഗത്ത് വന്നിട്ടില്ല. ഏതെങ്കിലും ഒരു നേതാവിന്റെ അപക്വമായ നിലപാട് കൊണ്ടല്ലിത്. ആദ്യം സിഎഎക്കെതിരെ കോണ്‍ഗ്രസ് കേരളത്തില്‍ അണി നിരന്നു. പിന്നീട് ഈ നിലപാട് മാറ്റി. രാജ്യത്തെ കോണ്‍ഗ്രസസിന്റെ നിലപാടിന് വ്യത്യസ്തമായാണ് കേരളത്തിലെ കോണ്‍ഗ്രസ് സിഎഎക്ക് എതിരായി നിലപാട് എടുത്തതെന്നും പിണറായി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.