ബീജിങ്: ലോകത്തിലേറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്നു ചൈന. എന്നാൽ 2023 ഏപ്രിലിൽ ഇന്ത്യ ലോകത്തേറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. ചൈനയിലെ ജനനനിരക്കിലും ജനസംഖ്യയിലും വൻ ഇടിവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തുടർച്ചയായി ഇത് രണ്ടാം വർഷമാണ് ചൈനയിലെ ജനന നിരക്ക് കുറയുന്നത്. രാജ്യത്തെ പ്രസവ വാർഡുകളും വൻതോതിൽ അടച്ച് പൂട്ടുന്നുണ്ട്.
ചൈനയിലെ നിലവിലെ അവസ്ഥയെ 'പ്രസവശൈത്യം' എന്നാണ് വിദഗ്ദർ വിളിക്കുന്നത്. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരുന്ന പോസ്റ്റുകളെയും സെർച്ച് ടേമുകളെയും നിയന്ത്രിക്കുന്ന തിരക്കിലാണ് ചൈനീസ് ഭരണകൂടം. എന്നാൽ ഇതിനോടകം തന്നെ പ്രസവ വാർഡുകൾ അടച്ചുപൂട്ടുന്ന വാർത്തകൾ ചൈനയിൽ പ്രചരിച്ചിട്ടുണ്ട്. ചൈനയിലെ യുവാക്കൾക്ക് വിവാഹം, കുടുംബ ജീവിതം തുടങ്ങിയവയോട് താൽപര്യം നഷ്ടപ്പെട്ടതാണ് ജനന നിരക്ക് കുറയുന്നതിന് പ്രധാന കാരണമെന്നാണ് പഠനങ്ങൾ പറയുന്നത്.
141 കോടിയാണ് ചൈനയുടെ ശരാശരി ജനസംഖ്യ. 2022ൽ ചൈനയിലെ ജനസംഖ്യയിലെ ഇടിവ് എട്ടര ലക്ഷമായിരുന്നു, 2023 ഇത് 20 ലക്ഷമായി. 1980കളിൽ ഉയർന്ന ജനസംഖ്യയുടെ ഭയത്താൽ ചൈനീസ് ഭരണകൂടം, ദമ്പതികൾക്ക് ഒരു കുഞ്ഞ് മാത്രം എന്ന പദ്ധതി കൊണ്ടുവന്നിരുന്നു, 2015ൽ ഈ പദ്ധതി രണ്ട് കുഞ്ഞുങ്ങൾ എന്ന നിലയിൽ ഉയർത്തി. തുടർന്ന് 2021ൽ ഇത് മൂന്ന് കുഞ്ഞുങ്ങൾ എന്നാക്കി മാറ്റി. കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം എടുത്തുമാറ്റിയിട്ടും ചൈനയിലെ ജനസംഖ്യ കുറയുന്നത് ചൈനീസ് ഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
ചൈനയിൽ കുട്ടികളെ വളർത്തുന്നതിന് ചെലവ് കൂടുതലാണെന്നതാണ് രണ്ടാമത്തെ കാരണമായി കണക്കാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ഇൻഷുറൻസ് പരിരക്ഷ എന്നതിനായി രക്ഷിതാക്കൾക്ക് വൻതുക ചിലവാക്കേണ്ടതായി വരുന്നു. എത്ര ആശുപത്രികളാണ് അടച്ചുപൂട്ടിയതെന്ന കണക്കുകൾ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ചൈനയിലെ ജനസംഖ്യാ കുറവ് രാജ്യത്തിൻ്റെ ഭാവി വളർച്ചയെ ബാധിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.