മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സംഗീത വേദിയിലുണ്ടായ ഭീകരാക്രമണം ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. 20 വര്‍ഷത്തിനിടയില്‍ ഇത്രയും മാരകമായ ഒരാക്രമണം റഷ്യ കണ്ടിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തോക്കേന്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മോസ്‌കോയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ക്രോകസ് സിറ്റി ഹാളിലേക്ക് കടക്കുകയായിരുന്നു. ഇവിടെ പിക്‌നിക് എന്ന ബാന്‍ഡിന്റെ പരിപാടി കാണാന്‍ 6000 പേരോളം തിങ്ങിക്കൂടിയിരുന്നു. ഹാളിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവയ്ക്കുകയും സ്‌ഫോടകവസ്തുക്കള്‍ എറിയുകയും ചെയ്തു.
മാരകമായ ആക്രമണത്തില്‍ 137 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെപ്പേര്‍ ജീവനുമായി മല്ലടിക്കുന്നു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ദലേര്‍ജോണ്‍ മിര്‍സോയേവ്, സയ്ദാക്രമി മുരോഡളി റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി, മുഹമ്മദ്സൊബിര്‍ ഫയ്സോവ് എന്നിവര്‍ക്കെതിരെയാണ് മോസ്‌കോയിലെ ബസ്മന്നി ജില്ലാ കോടതി തീവ്രവാദക്കുറ്റം ചുമത്തിയിരിക്കുന്നത്. നാല് പ്രതികളും തജികിസ്താന്‍ സ്വദേശികളാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയില്‍ വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും അധികാരത്തിലെത്തി അധികം വൈകാതെയാണ് മോസ്‌കോയിലെ ആക്രമണമുണ്ടായത്.
ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്. എന്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന റഷ്യയെ ആക്രമിച്ചു? അതീവ സുരക്ഷയുള്ള റഷ്യയെ നോവിക്കാന്‍ ഭീകര സംഘടനയെ പ്രേരിപ്പിച്ച ഘടകമെന്താണെന്നാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഐ.എസ് റഷ്യയെ ആക്രമിക്കാന്‍ ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങളുണ്ട്. പുടിന്‍ സൈന്യത്തിന്റെ മധ്യപൂര്‍വേഷ്യയിലേക്കുള്ള കടന്നുകയറ്റം, പ്രത്യേകിച്ച് സിറിയയില്‍ സൈന്യത്തെ വിന്യസിച്ചത് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശത്രുതയ്ക്ക് കാരണമായിട്ടുണ്ടാകാം.
ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകളെ തുരത്താന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ സഹായിക്കാന്‍ പുടിന്‍ തന്റെ സൈന്യത്തെ സിറിയയില്‍ വിന്യസിച്ചിരുന്നു. അസദിന്റെ അധികാരം നിലനിര്‍ത്താനും മേഖലയില്‍ റഷ്യന്‍ സ്വാധീനം ഉറപ്പിക്കാനും ഉദ്ദേശിച്ചുള്ള ഈ നീക്കം ഐഎസിന്റെ ലക്ഷ്യങ്ങളെ തകര്‍ത്തിരുന്നു. അസദിനെതിരെ യുദ്ധം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റിനെ തവിടുപൊടിയാക്കുകയായിരുന്നു റഷ്യന്‍ പട്ടാളം. ഇത് റഷ്യയെ ഐസിസിന്റെ മുഖ്യ ശത്രുവാക്കി. ഇസ്ലാമിന്റെ ശത്രുവായാണ് റഷ്യയെ ഇസ്ലാമിക് സ്‌റ്റേറ്റ് കാണുന്നത്.
ഇതിന് പ്രതികാരമായാണ് അഞ്ചാമതും റഷ്യയുടെ പ്രസിഡന്റായി പുടിന്‍ അധികാരമേറ്റ ഉടന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ എന്ന ഉപവിഭാഗം മോസ്‌കോയില്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഐഎസിന്റെ പ്രസ്താവനകള്‍ എല്ലാം 'ക്രിസ്ത്യാനികളെ കൊല്ലുന്നു' എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു.
അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ സേനയ്ക്ക് എതിരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍. താലിബാനാകട്ടെ റഷ്യയുടെ അടുത്ത കൂട്ടാളിയുമാണ്. ഇതിന് മുന്‍പും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ റഷ്യയെ ആക്രമിച്ചിട്ടുണ്ട്. 2022ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെ താലിബാനുമായി പോരാടി ശക്തി വീണ്ടെടുത്തിയിരിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍. അവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാന് പുറത്ത് ആക്രമണവും തുടങ്ങിയിരിക്കുന്നു. അതില്‍ ഒന്നാണ് മോസ്‌കോയില്‍ കണ്ടത്.
ഇതുകൂടാതെ സോവിയറ്റ് കാലഘട്ടത്തിലെ അഫ്ഗാനിസ്ഥാന്‍ അധിനിവേശവും മുസ്ലിം ജനങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ക്രെലിനുള്ള പങ്കും ഐ.എസ് നേതാക്കളുടെ പ്രതികാരദാഹം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. 1999ല്‍ ചെച്നിയയില്‍ റഷ്യന്‍ ഗവണ്‍മെന്റ് നടത്തിയ രക്തരൂക്ഷിതമായ യുദ്ധവും ഒരു ഘടകമായിരിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതീവ സുരക്ഷയുള്ള റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കയറിച്ചെന്ന് ആക്രമണം നടത്താന്‍ കഴിഞ്ഞുവെന്നത് ഇവരുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയ്ക്ക് തുടര്‍ച്ചയായ ഭീഷണി ഉയര്‍ത്തിക്കൊണ്ട് ചെറിയ മുന്നറിയിപ്പുപോലും നല്‍കാതെ ആക്രമിക്കുന്നതാണ് ഈ സംഘടനയുടെ ചരിത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.