കാന്‍ബറ: സിഡ്‌നി തുറമുഖത്ത് എത്തിയ ഇസ്രയേലി കപ്പലിനെ തടഞ്ഞ് പാലസ്തീന്‍ അനുകൂലികള്‍. ഓസ്‌ട്രേലിയന്‍ സൈന്യത്തിന് ആയുധങ്ങള്‍ എത്തിക്കുന്ന ഇസ്രയേല്‍ കപ്പലാണ് അനുകൂലികള്‍ തടഞ്ഞുവെച്ചത്. തുടര്‍ന്ന് പൊലീസും പാലസ്തീന്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട 19 പേര്‍ക്കെതിരെ കേസെടുത്തു.
ഞായറാഴ്ച വൈകിട്ട് പോര്‍ട്ട് ബോട്ടണിയില്‍ നടന്ന അനധികൃത പ്രതിഷേധത്തില്‍ നൂറിലേറെ ആളുകളാണ് പങ്കെടുത്തത്. തുറമുഖത്തിന്റെ പ്രവേശന കവാടത്തിലൂടെ പ്രതിഷേധക്കാര്‍ പാലസ്തീന്‍ പതാകകള്‍ വീശി മാര്‍ച്ച് നടത്തി. ജീവനക്കാര്‍ക്ക് തുറമുഖത്തേക്കുള്ള പ്രവേശനവും തടഞ്ഞു. തുടര്‍ന്ന് കവാടത്തിനു പുറത്തുവച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു.
ഇതിനു മുന്‍പും ഓസ്‌ട്രേലിയയിലെത്തുന്ന ഇസ്രയേലി കപ്പലുകളെ തടഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. ജനുവരിയില്‍ മെല്‍ബണ്‍ തുറമുഖത്ത് നങ്കൂരമിട്ട ഇസ്രയേല്‍ കമ്പനിയുടെ കപ്പലില്‍ നിന്ന് ചരക്ക് ഇറക്കാന്‍ പാലസ്തീന്‍ അനുകൂലികള്‍ അനുവദിച്ചിരുന്നില്ല. അന്ന് ദിവസങ്ങളോളം തുറമുഖത്തിന്റെ പ്രവര്‍ത്തനം തടപ്പെട്ടിരുന്നു. കോടിക്കണക്കിനു ഡോളറാണ് ഇതിലൂടെ നഷ്ടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം, ഇസ്രയേലിലെ ഹൈഫ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിം ഇന്റഗ്രേറ്റഡ് ഷിപ്പിംഗ് സര്‍വീസസ് എന്ന കാര്‍ഗോ ഷിപ്പിംഗ് കമ്പനിയുടെ കീഴിലുള്ള കപ്പലാണ് തടഞ്ഞത്.
മാരിടൈം യൂണിയന്‍ ഓഫ് ഓസ്‌ട്രേലിയ, പാലസ്തീന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സിഡ്‌നി എന്നിവയിലെ അംഗങ്ങളാണ് ഇസ്രയേല്‍ കപ്പലിനെ തുറമുഖത്ത് തടഞ്ഞത്. ഫെഡറല്‍ ഗ്രീന്‍സ് സെനറ്ററും ഡെപ്യൂട്ടി ലീഡറുമായ മെഹ്‌റിന്‍ ഫാറൂഖിയും പ്രതിഷേധത്തില്‍ പങ്കെടുത്തു.
റാലിക്കിടയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സംഘടനാ നേതാക്കളടക്കം 19 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക പാതകള്‍ തടസപ്പെടുത്തുക, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്:
മെല്‍ബണ്‍ തുറമുഖത്ത് ഇസ്രയേല്‍ കപ്പലില്‍നിന്ന് ചരക്കിറക്കാന്‍ അനുവദിക്കാതെ പാലസ്തീന്‍ അനുകൂലികള്‍; നാല് ദിവസത്തെ ഉപരോധത്തില്‍ കോടികളുടെ നഷ്ടം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.