മോസ്‌കോ: കൊടും ക്രൂരതയുടെ പര്യായമായ ഐ.എസ് ഭീകരര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി റഷ്യ. രാജ്യ തലസ്ഥാനമായ മോസ്‌കോയിലെ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം നടത്തിയവരെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കീഴിലുള്ള പ്രത്യേക സൈന്യം ചോദ്യം ചെയ്യുന്നത് അതി ക്രൂരമായ രീതിയിലാണെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിടിയിലായ സയ്ദാക്രമി മുരോഡളി റചാബലിസോഡയുടെ വീഡിയോ ഒരു ടെലഗ്രാം ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്. അയാളുടെ ചെവിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് അയാളെകൊണ്ട് തന്നെ ഭക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ചെവിയുടെ ഒരു ഭാഗം സയ്ദാക്രമിയുടെ വായിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ ഉണ്ട്.
പിടിയിലായ മറ്റൊരാളായ ഷംസിദ്ദീന്‍ ഫരിദുനി എന്നയാളുടെ ജനനേന്ദ്രിയത്തില്‍ വൈദ്യുതി ഘടിപ്പിച്ച് ഷോക്കടിപ്പിക്കുന്നതും വീഡിയോയില്‍ ഉണ്ട്. റഷ്യന്‍ സൈന്യം തീവ്രവാദികള്‍ക്ക് നല്‍കുന്ന ക്രൂരമായ ശിക്ഷകളില്‍ പുറത്തു വന്നത് മാത്രമാണ് ഇവ രണ്ടും.
പിടിയിലായ നാല് പേര്‍ക്കെതിരെയും കോടതി തീവ്രവാദക്കുറ്റം ചുമത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ദലേര്‍ജോണ്‍ മിര്‍സോയേവ്, സയ്ദാക്രമി മുരോഡളി റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി, മുഹമ്മദ് സൊബിര്‍ ഫയ്‌സോവ് എന്നിവര്‍ക്കെതിരെയാണ് മോസ്‌കോയിലെ ബസ്മന്നി ജില്ലാ കോടതി തീവ്രവാദക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളെ മെയ് 22 വരെ മുന്‍കൂര്‍ വിചാരണ തടങ്കലില്‍ പാര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
മിര്‍സോയേവ്, റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി എന്നിവര്‍ കുറ്റസമ്മതം നടത്തി. ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഫയ്‌സോവിനെ ആശുപത്രിയില്‍ നിന്നും വീല്‍ചെയറിലാണ് കോടതിയില്‍ കൊണ്ടു വന്നത്. വിചാരണ വേളയില്‍ അയാള്‍ കണ്ണുകള്‍ അടച്ചിരിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് മൂന്നു പേരുടേയും മുഖത്ത് മര്‍ദനമേറ്റ പാടുകളുമുണ്ട്.
നാല് പ്രതികളും താജികിസ്ഥാന്‍ സ്വദേശികളാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആക്രമണം നടന്ന് 14 മണിക്കൂറിനുള്ളില്‍ തന്നെ ബ്രയാന്‍സ്‌ക് മേഖലയില്‍ നിന്നും പ്രതികളെ പിടിച്ചതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) അറിയിച്ചു.
അക്രമണത്തിന് പിന്നില്‍ ഉക്രെയ്ന്‍ ആണെന്ന് റഷ്യ ആരോപിച്ചിരുന്നെങ്കിലും തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
നൂറ്റമ്പതിലധികം ആളുകളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 140 ലേറെ പേര്‍ക്ക് പരിക്കേറ്റു. അവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല. മോസ്‌കോയുടെ പടിഞ്ഞാറെ അതിര്‍ത്തിയോട് ചേര്‍ന്ന ക്രസ്‌നയാര്‍സ്‌ക് നഗരത്തിലെ ക്രോകസ് സിറ്റി ഹാളില്‍ കടന്ന ഭീകരര്‍ ബോംബെറിഞ്ഞ ശേഷം ആളുകള്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.
ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന ഹാളില്‍ 'റഷ്യന്‍ റോക്ക് ബാന്‍ഡ് പിക്നിക്കി'ന്റെ പരിപാടിക്കെത്തിയവരാണ് അക്രമത്തിന് ഇരകളായത്. ഹാളിന്റെ പുറത്തേക്കുള്ള വാതിലുകള്‍ അടച്ച ശേഷമായിരുന്നു ആക്രമണം.
ഐഎസ് മോസ്‌കോയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആഴ്ചകള്‍ക്കു മുന്‍പേ റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.