മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം ക്രോകസ് സിറ്റിയില്‍ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ചില ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് ഇതാദ്യമായാണ് പുടിന്‍ അംഗീകരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരാണ് കസ്റ്റഡിയിലുള്ളത്.
'തീവ്ര ഇസ്ലാമിസ്റ്റുകളാണ് ആക്രമണം നടത്തിയതെന്ന് നമുക്ക് അറിയാം' - ഭീകരാക്രമണത്തിന് ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ പോലും എതിര്‍ക്കുന്ന തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്ന് തങ്ങള്‍ക്കറിയാമെന്ന് പുടിന്‍ പറഞ്ഞു. അതേസമയം ആക്രമണത്തില്‍ ഉക്രെയ്ന് പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പുടിന്‍.
ആരാണ് ആക്രമണം നടത്തിയതെന്ന കാര്യം മനസിലായിട്ടുണ്ടെന്നും എന്നാല്‍ ആരാണ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പുടിന്‍ പറഞ്ഞു. ആക്രമണത്തില്‍ ഉക്രെയ്ന് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇപ്പോഴും കിട്ടിയിട്ടില്ലെന്നും പുടിന്‍ പറഞ്ഞു.
'എന്തിനാണ് ആക്രമണം കഴിഞ്ഞയുടനെ ഭീകരര്‍ ഉക്രെയ്നിലേക്ക് പോയത്. അവിടെ ആരാണ് അവര്‍ക്കു വേണ്ടി കാത്തിരുന്നത്, ഈ ആക്രമണത്തില്‍ നിന്നും ആര്‍ക്കാണ് നേട്ടമുണ്ടായത്?' - പുടിന്‍ ചോദിച്ചു.
അതേസമയം പുടിന്റെ അവകാശവാദങ്ങള്‍ തള്ളി ഉക്രെയ്ന്‍ രംഗത്തെത്തിയിരുന്നു. തികച്ചും അസംബന്ധമായ ആരോപണമെന്നാണ് ഉക്രെയ്ന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇസ്ലാമിക തീവ്രവാദികളാണ് ഉത്തരവാദികളെന്ന് അവര്‍ തന്നെ പലകുറി പറഞ്ഞുകഴിഞ്ഞുവെന്നും, എന്തിന്റെ അടിസ്ഥാനത്തിലാണ് ഉക്രെയ്നെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പ്രസിഡന്റ് സെലന്‍സ്‌കി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.