ദുഃഖവെള്ളി ദിനത്തില്‍ കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ ചൊല്ലുന്നത് ഫ്രാന്‍സിസ് പാപ്പ എഴുതിയ പ്രാര്‍ഥനകള്‍

ദുഃഖവെള്ളി ദിനത്തില്‍ കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ ചൊല്ലുന്നത് ഫ്രാന്‍സിസ് പാപ്പ എഴുതിയ പ്രാര്‍ഥനകള്‍

വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളി ദിനത്തില്‍ റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിനു ചുറ്റും നടക്കുന്ന കുരിശിന്റെ വഴിയില്‍ ചൊല്ലുന്നത് ഫ്രാന്‍സിസ് പാപ്പ എഴുതിയ പ്രാര്‍ഥനകള്‍. ആഗോള കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനമേറ്റതിനു ശേഷം ഇതാദ്യമായാണ് പാപ്പ കുരിശിന്റെ വഴിക്കായി ധ്യാനവിചിന്തനം തയ്യാറാക്കുന്നത്.

'കുരിശിന്റെ വഴിയില്‍ യേശുവിനോടൊപ്പം പ്രാര്‍ഥനയില്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രാര്‍ഥനകള്‍. കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും പ്രത്യേക വചനവിചിന്തനവും മാര്‍പാപ്പ നല്‍കും.

ഓരോ വര്‍ഷവും ലോകത്തിലെ ഏതെങ്കിലും പ്രമുഖരെക്കൊണ്ട് കുരിശിന്റെ വഴിക്കായി പ്രാര്‍ഥന എഴുതിക്കുകയെന്നതായിരുന്നു ഇതുവരെയുള്ള രീതി. മെത്രാന്മാര്‍, സന്യാസികള്‍, കുടുംബജീവിതം നയിക്കുന്ന ദമ്പതികള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അഭയാര്‍ത്ഥികള്‍, യുദ്ധത്തില്‍നിന്നും കരകയറുന്ന കുടിയേറ്റക്കാര്‍ എന്നിവരൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

ദുഃഖവെള്ളിയാഴ്ച കൊളോസിയത്തില്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തുന്ന പതിവു തുടങ്ങിവച്ചത് 1758-ല്‍ ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയാണ്. കുറേക്കാലം മുടങ്ങിപ്പോയ ഈ പതിവ് പിന്നീട് 1963-ല്‍ പോള്‍ ആറാമന്‍ മാര്‍ പാപ്പ പുനഃരാരംഭിച്ചു.

1985-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയിലെ പ്രാര്‍ഥനകള്‍ എഴുതുന്നത് വ്യത്യസ്ത വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കൈമാറുന്ന പാരമ്പര്യം ആരംഭിച്ചത്. എന്നാല്‍ മഹാജൂബിലി വര്‍ഷമായ 2000-ത്തിലെ കുരിശിന്റെ വഴിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെ പ്രാര്‍ഥനകള്‍ എഴുതി. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ ഭരണകാലത്തുടനീളം പാരമ്പര്യം തുടര്‍ന്നു.

2025 ജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ് ഈ വര്‍ഷം മാര്‍പാപ്പ സ്വയമായി ധ്യാനവിചിന്തനങ്ങള്‍ തയാറാക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം പേര്‍ കൊളോസിയത്തിലെ കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനെത്താറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.