അന്ത്യത്താഴത്തിൻ്റെ പെസഹാ കടന്ന് കൊടുംവേദനയുടെ ദുഃഖവെള്ളി താണ്ടി ഉയിർപ്പ്

അന്ത്യത്താഴത്തിൻ്റെ പെസഹാ കടന്ന് കൊടുംവേദനയുടെ ദുഃഖവെള്ളി താണ്ടി ഉയിർപ്പ്

വിശുദ്ധവാരത്തിലെ ഏറ്റവും പരമോന്നതമായ മൂന്നു ദിനങ്ങളിലേക്കാണു നാം കടക്കുന്നത്. പെസഹാവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റം മഹനീയമായ ത്രിദിനങ്ങൾ.

പെസഹാവ്യാഴം:

യേശുനാഥൻ തൻ്റെ പന്ത്രണ്ടു ശിഷ്യർക്കുമായി വിരുന്നൊരുക്കുകയും അതിനു മുന്നോടിയായി അവരുടെ പാദങ്ങൾ കഴുകുകയും ചെയ്തതിൻ്റെ സ്മരണ പുതുക്കുന്ന മനോഹരമായ ദിവസം. പെസഹാവ്യാഴത്തെ സുന്ദരമാക്കുന്നതും ഗുരു തൻ്റെ ശിഷ്യരുടെ ഇടയിലേക്കിറങ്ങി അവരുടെ കാൽപാദങ്ങൾ കഴുകിത്തുടയ്ക്കുന്ന കരളലിയിക്കും കാഴ്ച തന്നെയാണ്. എളിമയുടെ മൂർത്തീഭാവമായി മാറുന്ന ദൈവം. ശിഷ്യൻമാർ പലപ്പോഴും ഗുരുക്കൻമാരുടെ പാദങ്ങൾ കഴുകാറുള്ളത് ചരിത്രത്തിൽ നാം വായിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ വലിപ്പം മാറ്റിവച്ചുകൊണ്ട് എളിയവനായി യേശു ശിഷ്യർക്കിടയിലേക്കിറങ്ങിയപ്പോൾ ചരിത്രം മാറിമറിഞ്ഞു. ഓശാനദിനത്തിലും നാം വീക്ഷിക്കുന്നത് ഇതേ ചിത്രം തന്നെയാണ്. ഇറങ്ങിച്ചെന്നു വീണ്ടെടുത്തവനാണ് ക്രിസ്തു. തുടർന്നുള്ള അത്താഴം "അന്ത്യത്താഴം" എന്നറിയപ്പെടുന്നു. പെസഹാ എന്നവാക്കിനർത്ഥം "കടന്നുപോകൽ" എന്നാണ്. പെസഹാവ്യാഴം കടന്നുപോകുന്നത് കൊടുവേദനകളുടെ ദുഃഖവെള്ളിയിലേക്കാണ്.

ദുഃഖവെള്ളി:

ഈശോ അനുഭവിച്ച പീഡാസഹനങ്ങളെ അനുസ്മരിക്കുന്ന ദിനം. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് എന്തിനാണ് ദൈവമായിരുന്ന അവിടുന്ന്, ഒഴിവാക്കാമായിരുന്നിട്ടും മനുഷ്യപുത്രനായി മാനസികവും ശാരീരികവുമായ അതിതീവ്രവേദനകളിലൂടെ കടന്നുപോയത്. മനുഷ്യൻ്റെ സങ്കൽപ്പസീമകൾക്കപ്പുറമുള്ള നൊമ്പരവ്യസനങ്ങൾ. യേശുവിനെ കളിയാക്കിച്ചിരിക്കുന്നു, മുഖത്തു തുപ്പുന്നു, വിവസ്ത്രനാക്കുന്നു, ജനക്കൂട്ട മധ്യേ വിചാരണ ചെയ്യുന്നു, താങ്ങാനാവാത്ത മരക്കുരിശു തോളിലേറ്റുന്നു, ചാട്ടവാറിനടിക്കുന്നു, മുൾക്കിരീടം ശിരസ്സിൽ കുത്തിയമർത്തുന്നു. വിയർപ്പും രക്തവും വാർന്നൊഴുകിയ മേനിയുമായി ഒരിറ്റു വെള്ളം നൽകാതെ കല്ലുകൾ നിറഞ്ഞെവഴികളിലൂടെ നടത്തിക്കുന്നു. ഒടുവിൽ ഇരുവശങ്ങളിലും കള്ളൻമാർക്കൊപ്പം കുരിശിൽ തറയ്ക്കുന്നു. കുരിശിൽ കിടന്നു വെള്ളത്തിനായി തൊണ്ടയിടറിയപ്പോൾ തുണിയിൽ മുക്കി കൈപ്പുനീർ നൽകുന്നു. ചിന്തകളെപ്പോലും കരയിച്ചുനിർത്തുന്ന അസഹനീയതീവ്രവേദനയും പീഡകളും. എന്തുകൊണ്ട് യേശുനാഥൻ ഈ ദിനം ഒഴിവാക്കിയില്ല. ഈ വ്യസനങ്ങളുടെ ആഴം അറിയാമായിരുന്ന അവിടുന്ന് തലേന്നു പാതിരാത്രിയിൽ ഒറ്റക്കിരുന്നു പിതാവിനോടു പ്രാർത്ഥിക്കുമ്പോൾ ചോദിച്ചത് ഒരു കാര്യം മാത്രമാണ്. "പിതാവേ സാധ്യമെങ്കിൽ ഈ പാനപാത്രം ഒഴിവാക്കേണമേ; എങ്കിലും എൻ്റെ ഇഷ്ടമല്ല, നിൻ്റെ ഹിതം നിറവേറട്ടെ. പിതാവിൻ്റെ ഇങ്കിതത്തിനു സ്വയം സമർപ്പിച്ച പുത്രൻ. അവിടെയാണു ദുഃഖവെള്ളിയാഴ്ച മഹനീയമാകുന്നത്. ദുഃഖം തളം കെട്ടിയ വെള്ളിയിൽ തങ്കതനിമയുള്ള നന്മ പരിണമിക്കുന്ന കാഴ്ച നാം കാണുന്നതാണ്. ദൈവമായിരുന്ന അവിടുന്ന് തൻ്റെ സമാനതകൾ ഗൗനിക്കാതെ മനുഷ്യനായി ഭൂമിയിൽ അവതരിക്കുന്നു. മനുഷ്യനു സങ്കൽപ്പിക്കാനാവുന്നതിനപ്പുറം വേദനകൾ സഹിക്കുന്നു. എളിമയുടേയും ക്ഷമയുടേയും മഹാസാഗരമായി മാറുന്നു. കുരിശിൽ സ്നേഹത്തിൻ്റെ ദീപമായി തെളിയുന്നു. ആജ്ഞാപിക്കുന്ന ദൈവമല്ല, മറിച്ച് ഹൃദയം നുറുങ്ങുന്നവനു സമീപസ്ഥനായ നല്ലയിടയനാണു താന്നെന്നു കാണിച്ചു തന്നവനാണ് ക്രിസ്തു. ആത്യന്തികമായി ദുഃഖവെള്ളിയാഴ്ച നന്മയുടേതായിരുന്നു. കുരിശിൻ്റെ വഴി ലോകത്തെ വീണ്ടെടുക്കലിൻ്റെ വഴിയായിരുന്നു. ഉയിർപ്പിൻ്റെ മനോഹാരിത മെനഞ്ഞ ദിനമാണു ദുഃഖവെള്ളിയാഴ്ച. ക്രിസ്തു അനുഭവിച്ച വേദനയുടെ ആഴമാണ് ഈസ്റ്ററിനെ മറ്റൊരു തലത്തിലേക്കുമാറ്റിയത്. അതുകൊണ്ടൊക്കെയാകാം ആംഗലേയ ഭാഷയിൽ ദുഃഖവെള്ളിയാഴ്ചയെ ഗുഡ് ഫ്രൈഡെ എന്നു വിളിക്കുന്നത്.

ഈസ്റ്റർ:

ലോകത്തെ ജയിച്ചു, ദൈവം മനുഷ്യനെ വീണ്ടെടുത്ത ദിനം. ദുഃഖവെള്ളിയുടെ കൊടിയപീഡകൾ വഴിമാറുന്നത് പ്രതീക്ഷയുടെ കിരണങ്ങൾ ഉദിച്ചുയരുന്ന ഉയിർപ്പുദിനത്തിലേക്കാണ്. തിന്മയ്ക്കു മേൽ നന്മയുടെ വിജയം. വിണ്ടെടുപ്പിൻ്റെ, തിരിച്ചുവരവിൻ്റെ, മാനസാന്തരത്തിൻ്റെ വലിയ സദ്‌വാർത്ത വിളംബരം ചെയ്യപ്പെട്ട ദിവസം. ഈശോ തൻ്റെ ജീവൻ വെടിഞ്ഞ് മൂന്നാം ദിനം ഉയിർത്ത് സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ പക്കൽ ഉപവിഷ്ടനാകുന്ന ഏറ്റം മഹത്തര നിമിഷം. ക്രൈസ്തവവിശ്വാസത്തിൻ്റെ അടിത്തറയും മൂലക്കലും ക്രിസ്തുവിൻ്റെ ഉയിർപ്പാണ്. ലോകത്തിൻ്റെ പ്രകാശമായ യേശുക്രിസ്തു മരണത്തെ കീഴടക്കി പ്രഭാമയനായി സ്വർഗ്ഗം പുൽകിയ വിശുദ്ധദിനം. സഹനങ്ങളുടെ തീച്ചൂളയിലമരാതെ പ്രതീക്ഷയോടെ ഉയിർപ്പിനായി കാത്തിരിക്കാം. അവനോടൊപ്പം നമുക്കും ഉയിർക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.