കുഞ്ഞു നാൾ മുതലേ ദുഃഖ വെള്ളിയാഴ്ച മുക്കാട്ടുകര പള്ളിയിൽ വളരെ ഭയ ഭക്തിപൂർവം ആചരിച്ചു വന്നിരുന്നു. പുരാതനവും പാരമ്പര്യ മൂല്യങ്ങളിൽ ഉറച്ച വിശ്വാസമുള്ള നാട്ടിൻപുറത്തെ ആ ദേവാലയത്തിലെ ദുഃഖ വെള്ളിയാഴ്ചയിലെ പ്രാർത്ഥനകളിൽ അക്ഷരാർത്ഥത്തിൽ മനസ്സിൽ ദുഃഖം ഇരമ്പി കണ്ണിൽ നീർതുള്ളികൾ നിറഞ്ഞ് മനസ്സ് പരിപാവനമാക്കപ്പെടുന്ന നിമിഷങ്ങൾ.
"കുരിശിൽ മരിച്ചവനെ
കുരിശാലേ വിജയം വരിച്ചവനെ
മിഴിനീരോഴുക്കിയങ്ങേ കുരിശിന്റെ
വഴിയേ വരുന്നു ഞങ്ങൾ
ലോകൈക നാഥാ നിൻ ശിഷ്യനായി തീരുവാൻ
ആശിപ്പിനെന്നുമെന്നും
കുരിശുവഹിച്ചു നിൻ കാൽപാടു പിഞ്ചെല്ലാൻ
കൽപ്പിച്ച നായക
നിൻ ദിവ്യരക്തത്താൽ എൻ പാപമാലിന്യം
കഴുകേണമേ ലോകനാഥാ..."
ഫാദർ ആബെൽ എഴുതിയ ഭക്തി സാന്ദ്രമായ കുരിശിന്റെ വഴിയിലെ വരികൾ ഗായകസംഘത്തിലൂടെ നമ്മുടെ കാതുകളിലെത്തുമ്പോൾ ഇന്നിപ്പോൾ 2024 വർഷങ്ങൾക്കുമപ്പുറമുള്ള ആ ദിനം ഓരോരുത്തരുടെയും ഉള്ളിൽ പുനർജനിക്കുകകയായി . കുരിശുമായി നീങ്ങുന്ന അവശനായ യേശു യേശുവിന്റെ കുരിശ് വഹിക്കാൻ സഹായിച്ച ശിമയോൻ, ഭക്തയായ വേറൊനിക്ക, മകന്റെ ദുഃഖം കാണാനാവാതെ നെഞ്ചു തകർന്നു വിതുമ്പുന്ന പരിശുദ്ധ അമ്മ, പറുദീസയിൽ യേശുവിനോടൊപ്പം ഉണ്ടാകുവാൻ കൃപ ലഭിച്ചു നല്ല കള്ളൻ ഇങ്ങനെ ഓരോരുത്തരും വരികളായി നമ്മുടെ മുന്നിലെത്തുമ്പോൾ കാൽവരിയിലെ ബലിയുടെ പുനരാവിഷ്കാരം നമ്മുടെ ഉള്ളിലും നടക്കുന്നു.
യേശു അനുഭവിച്ച വേദന നമ്മളിലും അനുഭവപ്പെടുന്നു കുറ്റമില്ലാത്തവനെ കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കിൽ, മറ്റുള്ളവരുടെ മുറിവുകളിൽ വീണ്ടും നമ്മുടെ വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ വേദനിപ്പിച്ച നിമിഷങ്ങൾ ഓരോന്നും ഓർമ്മിച്ചെടുത്ത് അതി തീവ്രമായ പശ്ചാതാപത്തോടെ മാപ്പു പറഞ്ഞു കൊണ്ട് ഹൃദയഭാരം കുറയുന്ന പ്രാർത്ഥനയുടെ നിമിഷങ്ങൾ.
ദുഖവെള്ളിയാഴ്ച കാലത്ത് ഏഴുമണിയോടെ തുടങ്ങി പത്തുമണിയോടെ കഴിയുന്ന പള്ളിയിലെ പീഡാനുഭവ ഓർമ്മ ആചാരണത്തിന് ശേഷം വീട്ടിലെത്തുമ്പോൾ പള്ളിയിൽ നിന്നും നേരത്തെ എത്തിയ അമ്മ ഞങ്ങൾക്ക് കയ്പ നീരും കറികുറുക്കിയത് (അരിപ്പൊടി തേങ്ങാപ്പാലിൽ കുറുക്കിയത്) തരും. പിന്നെ ഉച്ചക്ക് ഒരു പച്ചക്കറി സദ്യ മൂന്നു മണിക്ക് ശേഷമേ തരൂ. എന്നാണ് ഓർമ്മ.അതിനിടയിൽ ഒരു മണിക്കൂർ ആരാധനയ്ക്കായി പള്ളിയിൽ പോകാൻ CLC ( കുട്ടികളുടെ കൂട്ടായ്മ )കൂട്ടുക്കാർ വരും . അവരുടെ കൂടെ ഒന്നു കൂടെ പള്ളിയിലെത്തി പ്രാർത്ഥന. പള്ളി തൊട്ടടുത്ത് ആയതിനാൽ വേഗം പോയി വരാം.
നാലുമണിയോടെയുള്ള പരിഹാര പ്രദക്ഷിണം എനിക്ക് ഏറ്റവും പ്രിയം. ഒരുപാട് പേരുണ്ടാകും പള്ളിയിൽ വെച്ചിരിക്കുന്ന യേശുവിന്റെ രൂപം തൊട്ട് വണങ്ങി കൂട്ടുകാരോടൊപ്പം പ്രദക്ഷിണത്തിന്റെ മുൻ നിരയിൽ കുരിശിന്റ വഴിയിലെ പാട്ടും പ്രാർത്ഥനകളും ഉച്ചത്തിൽ ഏറ്റു ചൊല്ലി മുട്ടുകുത്തിയും എണീറ്റു നിന്നു വണങ്ങിയും മെല്ലെ നീങ്ങുന്ന ഇടവകക്കാർ, വീട്ടുക്കാർ, ബന്ധുക്കൾ, കൂട്ടുക്കാർ.. ആ ഒരുമിച്ചുള്ള കുരിശിന്റെ വഴിയിൽ വരി വരിയായി നീങ്ങുന്ന മനുഷ്യർ... യേശു മരിച്ച ദിനം ഒരുമിച്ചു അനുഭവിച്ചു തീർക്കുമ്പോൾ നേടിയെടുത്ത ആത്മീയ സൗഖ്യം ഒരു ധ്യാനകേന്ദ്രത്തിനും നൽകാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.
പള്ളിയിൽ നിന്നും തുടങ്ങി വലിയങ്ങാടി വഴിയോ ചെറിയങ്ങാടി വഴിയോ മണ്ണുത്തി സെന്ററിൽ എത്തി ഒല്ലുക്കര വഴി തിരിച്ചു പള്ളിയിൽ എത്തുന്നതാണ് ഓർമ്മ. ഓരോ വർഷവും യാത്ര സൗകര്യം നോക്കി വഴികളിൽ മാറ്റം വരുത്താറുണ്ടാകണം. കൂടുതൽ ഓർമ്മകൾ ഈ വഴികളിൽ നടന്നത്.
വൈകിട്ടു ഏഴുമണിയോടെ തിരിച്ചു വീട്ടിൽ. അന്ന് ടിവി വെക്കാൻ സമ്മതിക്കില്ല. പ്രാർത്ഥനയിൽ മുഴുകിയ ഒരു ദിവസം.
ഇന്ന് മറ്റൊരു ദേശത്തു ജീവിക്കുമ്പോൾ ഈ ദുഃഖവെള്ളിയാഴ്ച പ്രതിസന്ധികളിൽ പ്രത്യാശയുമായി ജീവിക്കാൻ കുഞ്ഞുങ്ങൾക്കു സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പഴയ ഓർമ്മകൾ. വരുംതലമുറയ്ക്കായ് സമർപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.