തിമിംഗലങ്ങള്‍ക്ക് നിയമപരമായ വ്യക്തിത്വം നല്‍കണമെന്ന ആവശ്യവുമായി ന്യൂസിലന്‍ഡിലെ മാവോറി രാജാവ്

തിമിംഗലങ്ങള്‍ക്ക് നിയമപരമായ വ്യക്തിത്വം നല്‍കണമെന്ന ആവശ്യവുമായി ന്യൂസിലന്‍ഡിലെ മാവോറി രാജാവ്

വെല്ലിങ്ടണ്‍: തിമിംഗലങ്ങള്‍ക്ക് നിയമപരമായ വ്യക്തിത്വം നല്‍കണമെന്ന വ്യത്യസ്തമായ ആവശ്യവുമായി ന്യൂസിലന്‍ഡിലെ തദ്ദേശീയരായ മാവോറി ജനത. തിമിംഗലങ്ങളുടെ സംരക്ഷണത്തിനും അവയുടെ ജനസംഖ്യ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് മാവോറി ഗോത്രവിഭാഗത്തിന്റെ രാജാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. അയല്‍ രാജ്യമായ കുക്ക്‌സ് ദ്വീപിലെ തദ്ദേശീയ തലവനുമായി ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു.

തിമിംഗലങ്ങള്‍ തങ്ങളുടെ പൂര്‍വികരാണെന്ന് വിശ്വസിക്കുന്നവരാണ് മാവോറി ജനത. ചില ഗോത്രങ്ങള്‍ തിമിംഗലങ്ങളെ സമുദ്രത്തിന്റെ ദേവനായ ടാംഗറോവയുടെ പിന്‍ഗാമികളായും കാണുന്നു.

പ്രഖ്യാപനത്തില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വാഭാവിക പെരുമാറ്റത്തിനും അവയുടെ തനതായ രീതികള്‍ പ്രകടമാക്കുന്നതിനും അവകാശമുള്ള നിയമപരമായ വ്യക്തികളായി തിമിംഗലങ്ങളെ അംഗീകരിക്കണമെന്ന് പറയുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഭാവി തലമുറകള്‍ക്കുള്ള പ്രഖ്യാപനം' എന്നാണ് മാവോറി രാജാവായ തുഹെയ്തിയ പൊട്ടാറ്റൗ തെ വെറോഹീറോ VII ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. തിമിംഗല സംരക്ഷണത്തിന് ശാസ്ത്രത്തോടൊപ്പം തദ്ദേശീയമായ അറിവുകള്‍ കൂട്ടിച്ചേര്‍ക്കണമെന്നും നേതാക്കള്‍ വാദിക്കുന്നു.

'നമ്മുടെ അമൂല്യ സമ്പത്തായ തിമിംഗലങ്ങള്‍ക്കുള്ള സംരക്ഷണ കവചമാണിത്. തിമിംഗലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുണ്ട്. അവര്‍ക്ക് വേണ്ടി അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്' - രാജാവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തരമായി തിമിംഗലങ്ങളെ സംരക്ഷിക്കാന്‍ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിമിംഗലങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ അവയുടെ എണ്ണം വീണ്ടെടുക്കാന്‍ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രഖ്യാപനം. അതേസമയം 2017ല്‍ രാജ്യത്തെ വാംഗനുയി നദിക്കും മൗണ്ട് തരാനാക്കി അഗ്നിപര്‍വതത്തിനും വ്യക്തിത്വ പദവി നല്‍കി ന്യൂസിലന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇവ രണ്ടും മാവോറി ജനത വളരെ പ്രാധാന്യത്തോടെ കാണുന്നവയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.