കൊച്ചി: ദുഖ വെള്ളിയാഴ്ചക്കും ഈസ്റ്റര്‍ ഞായറാഴ്ചക്കും ഇടയില്‍ വരുന്ന ശനിയാഴ്ചയാണ് ദുഖ ശനി. വിശുദ്ധ വാരത്തിലെ ഈ ശനിയാഴ്ചയെ വിശുദ്ധ ശനി, വലിയ ശനി, അറിയിപ്പിന്റെ ശനി എന്നും അറിയപ്പെടുന്നു. യേശുവിന്റെ ശരീരം കല്ലറയില്‍ ഉറങ്ങിയ മണിക്കൂറുകളായാണ് ക്രൈസ്തവസഭ ഈ ദിവസം അനുസ്മരിക്കുന്നത്.
ദുഖ ശനിയാഴ്ച ഒട്ടുമിക്ക ക്രിസ്തീയ ദേവാലയങ്ങളിലും ആഘോഷകരമായ കുര്‍ബാന ഉണ്ടാവില്ല. യേശുവിന്റെ ഉയിര്‍പ്പിനെ അനുസ്മരിക്കുന്ന ഈസ്റ്ററിന് മുന്നോടിയായിട്ടുള്ള അമ്പത് നോമ്പിലെ അവസാന ദിവസം കൂടിയാണ് ദുഖ ശനി. ദുഖ ശനിയാഴ്ച വൈകുന്നേരം മുതല്‍ പിറ്റേന്ന് രാവിലെ വരെ ഉയിര്‍പ്പിന് വേണ്ടി വിശ്വാസികള്‍ കാത്തിരിക്കുന്ന പതിവ് ക്രൈസ്തവസഭയുടെ ആദ്യകാലം മുതലുണ്ടായിരുന്നു.
ദുഖ ശനിയാഴ്ച കത്തോലിക്കാ സഭയില്‍ കുര്‍ബാനയും മാമോദീസയും കൂടാതെ ജലം ആശീര്‍വദിക്കല്‍, തിരി ആശീര്‍വദിക്കല്‍ എന്നിവ ഉണ്ടായിരിക്കും. വിശ്വാസികള്‍ ആശീര്‍വദിച്ച ജലവും തിരിയും വീടുകളിലേയ്ക്ക് കൊണ്ടുപോകുന്നു.
സഭയുടെ ആരാധനക്രമം അനുസരിച്ച് തിരുനാളുകള്‍ കണക്കാക്കുന്നത് തലേ ദിവസത്തെ സായാഹ്ന പ്രാര്‍ത്ഥന മുതലായതിനാല്‍ ഈസ്റ്റര്‍ ജാഗരണം വലിയ ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ ആരംഭിക്കും. റോമന്‍ കത്തോലിക്കാ ആരാധനക്രമത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അനുഷ്ഠാനം ഈസ്റ്റര്‍ ജാഗരണമാണ്. മൂന്നോ നാലോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജാഗരണത്തിന്റെ പ്രധാന ഭാഗങ്ങള്‍ പെസഹാ തിരിതെളിക്കല്‍, വചന ശുശ്രൂഷ, ജ്ഞാനസ്‌നാന ശുശ്രൂഷ, ദിവ്യബലി അര്‍പ്പണം എന്നിവയാണ്.
കുരിശു മരണം വരിച്ച യേശു ഈ ദിവസം തനിക്ക് മുമ്പേ മൃതരായവരോട് സുവിശേഷം അറിയിച്ചു എന്ന പരമ്പരാഗത വിശ്വാസത്തെ അടിസ്ഥാനമാക്കി സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും കേരളത്തിലെ ഓര്‍ത്തഡോക്‌സ് സഭകളും ഈ ദിവസത്തെ അറിയിപ്പിന്റെ ശനി എന്നാണ് വിളിക്കുന്നത്.
ദുഖ വെള്ളി ദിനത്തിലേത് പോലെയുള്ള അനുതാപ പ്രാര്‍ത്ഥനകളും കീര്‍ത്തനങ്ങളും ആണ് ഈ ദിവസത്തേതും. വിശുദ്ധ വാര ചടങ്ങുകളില്‍ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന സ്ലീബ ദുഖ വെള്ളിയാഴ്ച ദിവസം പ്രധാന മദ്ബഹയിലെ ത്രോണോസില്‍ അടക്കം ചെയ്തിരിക്കുന്നതിനാല്‍ ദുഖ ശനിയിലെ കുര്‍ബാനയര്‍പ്പണം വശങ്ങളിലുള്ള അള്‍ത്താരകളിലൊന്നിലാണ് നടത്തുക. വിശ്വാസികള്‍ തങ്ങളുടെ മരിച്ചു പോയവരെ ഓര്‍ക്കുന്നതിനും അവരുടെ കല്ലറകളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനും കൂടി ഈ ദിവസം വിനയോഗിക്കുന്നു.
ദുഖ ശനിയാഴ്ചത്തെ സന്ധ്യാ പ്രാര്‍ത്ഥനയോട് കൂടി ഈസ്റ്ററിന്റെ ഒരുക്കത്തിലേക്ക് സഭ കടക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26