കറുത്തപൂന്തോട്ടത്തിൽ ശാന്തി പൂക്കുമോ ?

കറുത്തപൂന്തോട്ടത്തിൽ  ശാന്തി പൂക്കുമോ ?

 നാഗൊർനോ-കറാബക്ക് മേഖലയെച്ചൊല്ലി അസിർബൈജാനും, അർമേനിയായും  തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽ അസർബൈജാനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര മധ്യസ്ഥരുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അർമേനിയ അറിയിച്ചു.

കരിങ്കടലിനും കാസ്പിയൻ കടലിനുമിടയിലുള്ള  കോക്കസസ്  എന്ന് അറിയപ്പെടുന്ന   പ്രദേശത്ത്  അർമേനിയ, അസർബൈജാൻ, ജോർജിയ, തെക്കൻ റഷ്യയുടെ ചില ഭാഗങ്ങൾ  എന്നിവ ഉൾപ്പെടുന്നു. മുൻ സോവ്യറ്റ്‌ യൂണിയന്റെ കീഴിൽ ആയിരുന്ന രണ്ടു രാജ്യങ്ങളാണ് , അസിർബൈജാനും , അർമേനിയായും.  സോവ്യറ്റ്  യൂണിയന്റെ തകർച്ചയോടു കൂടി  രണ്ടു രാജ്യങ്ങളും സ്വതന്ത്രമാക്കപ്പെട്ടു.

അർമേനിയൻ സേനയുടെ നിയന്ത്രണത്തിലുള്ള അസർബൈജാൻ പ്രദേശമായ നാഗോർനോ-കറാബക്കിനെച്ചൊല്ലി രണ്ട് രാജ്യങ്ങളും തമ്മിൽ ഉള്ള യുദ്ധം 1994 ൽ അവസാനിച്ചിരുന്നു  എങ്കിലും    കരാർ ലംഘനങ്ങൾ പതിവായി ഇരു കൂട്ടരും ആരോപിക്കാറുണ്ട് .  എന്നാൽ ഈ അടുത്തയിടെ സംഘർഷം മൂർച്ഛിക്കുകയും , ഏറ്റുമുട്ടലുകൾ പതിവാകുകയും  ഇരു ഭാഗത്തും സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. 

ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾക്കായി അന്താരാഷ്ട്ര തലത്തിൽ പല മുന്നേറ്റങ്ങളും ഉണ്ടാകുന്നുണ്ട്. തുർക്കിയുടെ  വൻ  പിന്തുണയുമായി  അസർബൈജാൻ നടത്തുന്ന നീക്കങ്ങൾ ചർച്ചകൾ കൂടുതൽ പ്രയാസകരമാക്കുന്നു എന്ന് നിരീക്ഷകർ പറയുന്നു. ഇത്  യുദ്ധം  കൂടുതൽ നീണ്ടുനിൽക്കുവാൻ  ഇടയാക്കും.   അർമേനിയൻ വംശഹത്യ   നടത്തിയ തുർക്കിയുടെ ഇടപെടൽ സംശയകരമായാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. തുർക്കി വടക്കൻ സിറിയയിൽ നിന്ന് പോരാളികളെ  പിൻവലിച്ച് അർമേനിയ്ക്കു  എതിരെ ഉപയോഗിക്കുന്നു എന്നാണ് അർമേനിയ ഉയർത്തുന്ന ആരോപണം. മറ്റൊരു അയൽ  രാജ്യമായ റഷ്യക്കു അർമേനിയയിൽ  പട്ടാള താവളം ഉണ്ടെങ്കിലും   രണ്ടു രാജ്യങ്ങൾക്കും ആയുധം നൽകുകയും എന്നാൽ നിഷ്പക്ഷ നിലപാടു  സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 

തുർക്കി ഒഴികെ മറ്റ് പ്രാദേശിക, ആഗോള ശക്തികൾ സംയമനം പാലിക്കാൻ ആഹ്വാനം നടത്തി . ഇറാൻ, ജോർജിയ, ഖത്തർ  രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന്  വാഗ്ദാനം ചെയ്തു. സെപ്റ്റംബർ 29 ന് നടന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ യോഗം, അർമേനിയയും അസർബൈജാനും തമ്മിലുള്ള മധ്യസ്ഥ  ശ്രമങ്ങൾക്ക്   മിൻസ്ക് ഗ്രൂപ്പിന്റെ നേതൃത്വം  അംഗീകരിച്ചു .

നാഗൊർനോ-കറാബാക്ക്  അസർബൈജാന്റെ  ഭൂപ്രദേശത്താണ്  സ്ഥിതിചെയ്യുന്നത് എങ്കിലും  അവിടെ അധിവസിക്കുന്ന  അർമേനിയൻ ഭൂരിപക്ഷവും   അസർബൈജാനും  തമ്മിലുള്ള തർക്കങ്ങളാണ് യുദ്ധങ്ങളുടെ അടിസ്ഥാനം.

'കറുത്ത പൂന്തോട്ടം' എന്നർഥമുള്ള അസേരി പദത്തിന്റെ റഷ്യൻ വിവർത്തനമാണ് കറാബാക്ക്, നാഗൊർനോ റഷ്യൻ പദമാണ് "പർവതം". അർമേനിയൻ വംശജർ ഈ പ്രദേശത്തെ പുരാതന അർമേനിയൻ നാമമായ 'അർതാഖ്' എന്ന് വിളിക്കാൻ താൽപ്പര്യപ്പെടുന്നു. ഈ രണ്ട് രാജ്യങ്ങൾക്കുമിടയിൽ ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്നാണ് ഭൂരിപക്ഷം രാജ്യങ്ങളുടെയും ആഗ്രഹം.

(രാജേഷ് കൂത്രപ്പളി)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.