'നാസി ചിഹ്നവുമായി സാമ്യം'; ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിന് അഡിഡാസ് തയാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തില്‍

'നാസി ചിഹ്നവുമായി സാമ്യം'; ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിന് അഡിഡാസ് തയാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തില്‍

ബെര്‍ലിന്‍: യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിന് അഡിഡാസ് തയ്യാറാക്കി നല്‍കിയ ജഴ്സി വിവാദത്തില്‍. ജഴ്സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമായത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള 'നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഇതെന്നാണ് ആരോപണമുയര്‍ന്നത്. വിവാദമായതോടെ അഡിഡാസ് ജഴ്സി പിന്‍വലിക്കുകയും ചെയ്തു.

'നാസി ചിഹ്നവുമായുള്ള സാമ്യം യാദൃച്ഛികമാണ്. അതു തയ്യാറാക്കിയ കലാകാരന് ജര്‍മ്മനിയുടെ പൂര്‍വ കാലവുമായി യാതൊരു ബന്ധവുമില്ല. ഷോപ്പുകളില്‍ നിന്നും ഓണ്‍ലൈന്‍ ആയും ജഴ്സി വാങ്ങിയവര്‍ക്ക് അത് മാറ്റിയെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അഡിഡാസ് വക്താവ് ഒലിവര്‍ ബ്രൂഗന്‍ പ്രസ്താവനയില്‍ അറിയിച്ചു.

യുദ്ധകാല ക്രൂരതയില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ വിഭാഗങ്ങളിലൊന്നായിരുന്നു എസ്.എസ് യൂണിറ്റ്. നാസി ചിഹ്നവുമായുള്ള സാമ്യത ആദ്യം ചൂണ്ടിക്കാട്ടിയത് ചരിത്രകാരനായ മൈക്കല്‍ കോനിഗ് ആയിരുന്നു.

1929ലാണ് എസ്.എസ് യൂണിറ്റ് രൂപംകെണ്ടത്. ഹിറ്റ്‌ലറുടെ രഹസ്യ പൊലീസ് ആയിരുന്ന ഗസ്റ്റപ്പോ ഏജന്റുമാര്‍ മുതല്‍ ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ഗാര്‍ഡുമാര്‍ വരെ എസ്.എസ് അംഗങ്ങളായിരുന്നു. ജൂത ജനതയുടെ വംശഹത്യ നടത്താന്‍ ഇവരെ ചുമതലപ്പെടുത്തിരുന്നു.

അതേസമയം, നാസി ചിഹ്നങ്ങളുമായുള്ള സാമ്യം ഉള്‍പ്പെടുത്തിയത് മനഃപൂര്‍വമാണെന്ന ആരോപണം അഡിഡാസ് വക്താവ് ഒലിവര്‍ ബ്രൂഗന്‍ നിഷേധിച്ചു. വിദ്വേഷം, അക്രമം തുടങ്ങിയവയെ എതിര്‍ക്കാന്‍ ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷനും പങ്കാളികളുമാണ് ഈ നമ്പര്‍ രൂപകല്‍പന ചെയ്തതെന്നും ഇതിന്റെ അനുമതിക്കായി യുവേഫക്ക് സമര്‍പ്പിച്ചപ്പോള്‍ നാസി ചിഹ്നവുമായി ആരും സാമ്യം കണ്ടെത്തിയിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. പുതിയ ഡിസൈനില്‍ 44ാം നമ്പര്‍ കിറ്റ് ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

1950കള്‍ മുതല്‍ ജര്‍മന്‍ ജഴ്‌സി നിര്‍മിക്കുന്നത് അഡിഡാസ് ആണ്. ഈ വര്‍ഷം നടക്കുന്ന യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത് ജര്‍മനിയാണ്.

ജൂണ്‍ 15നാണ് യൂറോ കപ്പ് ഫുട്ബോളിന് ജര്‍മ്മനിയില്‍ തുടക്കമാകുക. ആതിഥേയരായ ജര്‍മ്മനിയും സ്‌കോട്ലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.