അമേരിക്കയില്‍ നിന്നുള്ള വിശുദ്ധയും കുടിയേറ്റക്കാരുടെ മധ്യസ്ഥയുമായ വിശുദ്ധ കബ്രിനിയെക്കുറിച്ചുള്ള സിനിമയ്ക്ക് തീയറ്ററുകളില്‍ വന്‍ സ്വീകാര്യത

അമേരിക്കയില്‍ നിന്നുള്ള വിശുദ്ധയും കുടിയേറ്റക്കാരുടെ മധ്യസ്ഥയുമായ  വിശുദ്ധ കബ്രിനിയെക്കുറിച്ചുള്ള സിനിമയ്ക്ക് തീയറ്ററുകളില്‍ വന്‍ സ്വീകാര്യത

കാലിഫോര്‍ണിയ: കുടിയേറ്റക്കാരുടെ മധ്യസ്ഥയും വിശുദ്ധ പദവിയില്‍ എത്തിയ അമേരിക്കക്കാരിയുമായ ഫ്രാന്‍സെസ് സേവ്യര്‍ കബ്രിനിയെക്കുറിച്ചുള്ള സിനിമയ്ക്ക് അമേരിക്കന്‍ തീയറ്ററുകളില്‍ വന്‍ സ്വീകാര്യത. യേശുക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കിയെടുത്ത 'ദി ചോസണ്‍' എന്ന ടെലിവിഷന്‍ പരമ്പരയുടെ വിജയത്തിനു പിന്നാലെയാണ് 'കബ്രിനി' എന്ന ചിത്രവും മികച്ച അഭിപ്രായം നേടുന്നത്. 'ദി ചോസണ്‍' പരമ്പര നിര്‍മ്മിച്ച ഏഞ്ചല്‍ സ്റ്റുഡിയോസ് ആണ് 'കബ്രിനി'യും നിര്‍മിച്ചിരിക്കുന്നത്.

1900 കളില്‍ ന്യൂയോര്‍ക്ക് തെരുവുകളില്‍ കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന ഇറ്റാലിയന്‍ കുടിയേറ്റക്കാരെ സഹായിക്കുകയും അവരെ നേര്‍വഴിയിലേക്ക് കൊണ്ടുവന്ന വിശുദ്ധ കബ്രിനിയുടെ പോരാട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

വിശ്വാസികള്‍ക്ക് ഏറെ പ്രചോദനാത്മകമായ അനുഭവം സമ്മാനിക്കുന്ന 'കബ്രിനി' സിനിമ യുഎസ് ബോക്സ് ഓഫീസില്‍ നാലാം സ്ഥാനത്തെത്തിയതായി എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ യൂസ്റ്റസ് വുള്‍ഫിംഗ്ടണ്‍ പറയുന്നു. ഇതര മതസ്ഥരും നിരീശ്വരവാദികളും ക്രിസ്ത്യന്‍ വിശ്വാസികളും സിനിമ കാണുകയും അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തു. അവരെല്ലാം ഒരു കാര്യമാണ് പറയുന്നത് - 'തങ്ങള്‍ കബ്രിനിയെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നു' - യൂസ്റ്റസ് വുള്‍ഫിംഗ്ടണ്‍ കൂട്ടിച്ചേര്‍ത്തു.



2023-ല്‍ അമേരിക്കയിലെ ഏറ്റവും ഹിറ്റ് സിനിമകളിലൊന്നായ സൗണ്ട് ഓഫ് ഫ്രീഡം സംവിധാനം ചെയ്യുകയും സഹ-രചന നിര്‍വഹിക്കുകയും ചെയ്ത അലഹാന്‍ഡ്രോ ഗോമസ് മോണ്ടെവര്‍ഡെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.

വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് അമേരിക്കയിലെ തീയറ്ററുകളില്‍ കബ്രിനി പ്രദര്‍ശനത്തിനെത്തിയത്. താമസിയാതെ ഇറ്റലിയിലും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലും തീയറ്ററുകളില്‍ എത്തും.

1850 മുതല്‍ 1917 വരെ ജീവിച്ചിരുന്ന സിസ്റ്റര്‍ കബ്രിനിയുടെ കഥ ഹോളിവുഡ് ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയിലെ ചില രംഗങ്ങള്‍ കാണാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദ്യം തന്നെ അവസരം ലഭിച്ചിരുന്നു.

തിരുഹൃദയ മിഷനറിമാരുടെ സഭാ സ്ഥാപകയാണ് മദര്‍ കബ്രിനി. ഇറ്റലിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന കുടിയേറ്റക്കാരെ പിന്തുണയ്ക്കുക, സഹായിക്കുക എന്നീ ലക്ഷ്യത്തോടെയാണ് 1880-ല്‍ സഭ ആരംഭിച്ചത്. ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ഗ്രേറ്റ് ബ്രിട്ടന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, മധ്യ അമേരിക്ക, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് ജീവിതം സമര്‍പ്പിച്ച കബ്രിനി 1917 ല്‍ ചിക്കാഗോയില്‍ വെച്ച് മരണമടഞ്ഞു.

ചൈനയില്‍ മിഷനറി പ്രവര്‍ത്തനത്തിന് പോകണമെന്ന ആഗ്രഹിച്ച കബ്രിനിയെ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ പ്രേഷിത വേലക്കായ് അയച്ചത് അമേരിക്കയിലേക്കായിരുന്നു.

1889ല്‍ ന്യൂയോര്‍ക്കില്‍ എത്തിയതിനുശേഷം, തന്റെ അനാരോഗ്യം കണക്കിലെടുക്കാതെ കുടിയേറ്റക്കാരെയും ദരിദ്രരെയും സേവിച്ചു. മുറിഞ്ഞ ഇംഗ്ലീഷ് ഭാഷയുമായി കബ്രിനിവിദ്യാഭ്യാസത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും ഒരു സാമ്രാജ്യം കെട്ടിപ്പടുത്തത് എങ്ങനെയെന്ന് സിനിമ കാണിക്കുന്നു. മദര്‍ കബ്രിനി അമേരിക്കയിലങ്ങോളമിങ്ങോളമായി സ്ഥാപിച്ചത് ഹോസ്റ്റലുകളും സ്‌കൂളുകളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളുമൊക്കെയായി 67 സ്ഥാപനങ്ങളാണ്.

അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കബ്രിനി പിന്നീട് മരണം വരെ അവിടെ കഴിഞ്ഞു. വിശുദ്ധ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ അമേരിക്കക്കാരിയാണ് ഫ്രാന്‍സെസ് സേവ്യര്‍ കബ്രിനി. 1938 ല്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട കബ്രിനി 1946 ല്‍ പീയൂസ് പന്തണ്ടാമന്‍ പാപ്പ വഴി വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. കുടിയേറ്റക്കാരുടെ മധ്യസ്ഥ ആയി വണങ്ങപ്പെടുന്നു.

സിസ്റ്റര്‍ ഫ്രാന്‍സിസ് കബ്രിനിയെ അവതരിപ്പിക്കുന്നത് ഗൊമോറ സീരീസിലെ അഭിനയത്തിലൂടെ പ്രശസ്തയായ ക്രിസ്റ്റ്യാന ഡെല്‍ അന്നയാണ്.

'സിനിമ പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിച്ചുകഴിഞ്ഞു. മുറിവേറ്റ ലോകത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന പ്രതീക്ഷയോടെ തീയറ്ററില്‍ നിന്നു മടങ്ങുന്നു. സിനിമ നിരവധി ആളുകള്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് വലിയ പ്രചോദനമേകുന്നു - എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ യൂസ്റ്റസ് വുള്‍ഫിംഗ്ടണ്‍ ഉപസംഹരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.