അമേരിക്കയില്‍ ആരാധനാലയത്തിന് സമീപം ട്രെയ്‌ലറില്‍ ഇരുന്നൂറോളം ബൈബിളുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

അമേരിക്കയില്‍ ആരാധനാലയത്തിന് സമീപം ട്രെയ്‌ലറില്‍ ഇരുന്നൂറോളം ബൈബിളുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ടെന്നസി: ഈസ്റ്റര്‍ ദിനത്തില്‍ അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലെ ആരാധനാലയത്തിന് സമീപം ഒരു ട്രെയ്‌ലറില്‍ നൂറുകണക്കിന് ബൈബിളുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഗ്ലോബല്‍ വിഷന്‍ ബൈബിള്‍ ചര്‍ച്ചിന് പുറത്താണ് ഇരുന്നൂറിലേറെ ബൈബിള്‍ കോപ്പികള്‍ കത്തിയ നിലയില്‍ നിലയില്‍ കണ്ടെത്തിയത്. ഈസ്റ്റര്‍ ഞായറാഴ്ച്ച രാവിലെ ആറു മണിയോടെയാണ് സംഭവമുണ്ടായത്.

കത്തിയ നിലയില്‍ കണ്ടെത്തിയ ബൈബിള്‍ പ്രതികള്‍ മനപൂര്‍വ്വം അഗ്നിക്കിരയാക്കിയതാണെന്ന് വില്‍സണ്‍ കൗണ്ടി പൊലീസ് വിഭാഗം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് ഗ്ലോബല്‍ വിഷന്റെ സ്ഥാപകനായ പാസ്റ്റര്‍ ഗ്രഗ് ലോക്ക് ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയത്. ഒരു വ്യക്തി ട്രെയിലര്‍ അവിടെ കൊണ്ടുവരുന്നതും അതിന് തീയിടുന്നതും സുരക്ഷാ കാമറകളില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രയധികം ബൈബിളുകള്‍ പ്രതിക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയില്ലെന്നും ഗ്രഗ് ലോക്ക് പറഞ്ഞു.

പാര്‍ക്കിങ്ങില്‍ ആ സമയത്ത് ഉണ്ടായിരുന്ന ഒരു സ്ത്രീയാണ് പൊലീസിനെ ഉടനെ വിവരം അറിയിച്ചതെന്ന് പാസ്റ്റര്‍ പറഞ്ഞു. ഉടനെ തന്നെ മൗണ്ട് ജൂലിയറ്റ് പൊലീസ് വിഭാഗവും അഗ്‌നിശമന സേനയും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു.

സംഭവത്തില്‍ വില്‍സണ്‍ കൗണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പ്രസിഡന്റ് ജോ ബൈഡനെ നിരന്തരം വിമര്‍ശിക്കുകയും ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ഗ്രഗ് ലോക്ക് ഒരു വിവാദ വ്യക്തിയാണ്. എല്‍ജിബിടിക്യു വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.