മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മന്‍മോഹന്‍ സിങിന്റെ 33 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദേഹത്തിന് പകരം രാജസ്ഥാനില്‍ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, മൃഗസംരക്ഷണം-ഫിഷറീസ് മന്ത്രി പുര്‍ഷോത്തം രൂപാല, മൈക്രോ ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നാരായണ്‍ റാണെ, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രി എല്‍. മുരുകന്‍ എന്നീ ഏഴ് കേന്ദ്ര മന്ത്രിമാരുടെ രാജ്യസഭയിലെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.

പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കാലാവധി ഇന്ന് അവസാനിക്കും. അശ്വിനി വൈഷ്ണവ് ഒഴികെയുള്ള കേന്ദ്രമന്ത്രിമാരെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അതേസമയം അശ്വിനി വൈഷ്ണവിനും എല്‍. മുരുകനും വീണ്ടും രാജ്യസഭാംഗത്വം നല്‍കിയിട്ടുണ്ട്.

സമാജ്‌വാദി പാര്‍ട്ടിയുടെ ജയാ ബച്ചനും ആര്‍ജെഡിയിലെ മനോജ് കുമാര്‍ ഝായും കോണ്‍ഗ്രസിലെ നസീര്‍ ഹുസൈനും ഉപരിസഭയില്‍ നിന്ന് വിരമിക്കുന്നുവെങ്കിലും അടുത്ത ടേമിലേക്ക് അതാത് പാര്‍ട്ടികള്‍ പുനര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിഷേക് സിങ്‌വി ഹിമാചല്‍ പ്രദേശില്‍ നിന്ന് പരാജയപ്പെട്ടതിനാല്‍ ഉപരിസഭയില്‍ ഉണ്ടാകില്ല.

ബിജെപിയുടെ ദേശീയ മാധ്യമ ചുമതലയുള്ള അനില്‍ ബലൂനി ഇത്തവണ ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് ജനവിധി തേടും. അതേസമയം ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി, അനില്‍ ജെയ്ന്‍ എന്നിവരെ പാര്‍ട്ടി പുനര്‍ നാമനിര്‍ദേശം ചെയ്തിട്ടില്ല.

മന്‍മോഹന്‍ സിങ് രാജ്യത്തിന് നല്‍കിയ സംഭാവനകളെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. ഒരു യുഗം അവസാനിക്കുന്നു എന്ന് അദേഹം എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. മുന്‍ പ്രധാനമന്ത്രി മധ്യവര്‍ഗത്തിനും യുവാക്കള്‍ക്കും ഒരു ഹീറോ ആയി തുടരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.