ഗോവിന്ദച്ചാമി മുതല്‍ രജനികാന്ത വരെ... ഇവര്‍ അതിഥി തൊഴിലാളികളോ, അതിഥി കൊലയാളികളോ?..

ഗോവിന്ദച്ചാമി മുതല്‍ രജനികാന്ത വരെ... ഇവര്‍ അതിഥി തൊഴിലാളികളോ, അതിഥി കൊലയാളികളോ?..

ദ്യപിച്ച് കള്ളവണ്ടി കയറിയ ഒരു അന്യ സംസ്ഥാന തൊഴിലാളി ടിക്കറ്റ് എക്‌സാമിനറെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം ഇന്നലെ ശ്രവിച്ചത്. തന്റെ ജോലിയുടെ ഭാഗമായി ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയതായിരുന്നു ടിടിഇ വിനോദ്.

ടിക്കറ്റ് എടുക്കാതെയുള്ള യാത്രയ്ക്ക് പിഴ അടയ്ക്കണമെന്ന് പറഞ്ഞ അദേഹത്തെ പെട്ടന്ന് പ്രകോപിതനായ രജനികാന്ത എന്ന ക്രിമിനല്‍ ട്രെയിനില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നു. ഛിന്നഭിന്നമായി പോയ ആ മനുഷ്യ ശരീരം പെറുക്കിയെടുത്ത് കവറിലാക്കി കൊണ്ടു പോകുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.

നാല് അന്യ സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് എറണാകുളം നഗര മധ്യത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് ടിടിഇ വിനോദും അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.

വീട്ടിലെ വളര്‍ത്തു നായയെ എറിഞ്ഞത് ചോദ്യം ചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ നാലംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. നിസാര കാരണങ്ങളുടെ പേരിലാണ് ഈ രണ്ട് കൊലപാതകങ്ങളും എന്നതാണ് ഏറെ വേദനാ ജനകം.

ഇതുപോലൊരു ട്രെയിന്‍ കൊലയില്‍ കേരളം നടുങ്ങിയത് 2011 ഫെബ്രുവരി ഒന്നിനാണ്. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. വനിതാ കംപാര്‍ട്ട്‌മെന്റില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന സൗമ്യ എന്ന പെണ്‍കുട്ടിയെ തൃശൂര്‍ വള്ളത്തോള്‍ നഗറില്‍ വച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയായിരുന്നു പ്രതി.

കൊലപാതകം, ബലാത്സംഗം, മോഷണം എന്നിവയുള്‍പ്പെടെ 13 കേസുകളാണ് ഗോവിന്ദച്ചാമിക്കെതിരെ ഉണ്ടായിരുന്നത്. തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കിലും സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന പെണ്‍കുട്ടിയുടെ ജീവനെടുത്ത കൊടും കുറ്റവാളി ജയില്‍ ഭക്ഷണം കഴിച്ച് തടിച്ചു കൊഴുത്ത് സുഖമായി കഴിയുന്നു.

അന്യ സംസ്ഥാന തൊഴിലാളി പ്രതിയായ മറ്റൊരു കൊലപാതകമായിരുന്നു പെരുമ്പാവൂര്‍ സ്വദേശിയും നിയമ വിദ്യാര്‍ഥിയുമായ ജിഷയുടേത്. ബിഹാര്‍ സ്വദേശി അമീറുള്‍ ഇസ്ലാം ആയിരുന്നു പ്രതി. 2016 ഏപ്രില്‍ 28 നാണ് നാടിനെ നടുക്കിയ സംഭവം. പെരുമ്പാവൂര്‍ നഗരത്തിനടുത്ത രായമംഗലം പഞ്ചായത്തിലെ ഇരിങ്ങോള്‍ ഗ്രാമത്തിലായിരുന്നു ജിഷയുടെ വീട്.

പെരിയാര്‍ ബണ്ട് കനാലിന്റെ തിട്ടയില്‍ പുറമ്പോക്ക് ഭൂമിയില്‍ പണിത ഒരു ഒറ്റമുറി വീട്ടിലാണ് ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കാണുന്നത്. ലൈംഗിക പീഡനത്തിന് ശേഷം ശ്വാസം മുട്ടിച്ചും മര്‍ദ്ദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്.

വയറിലും കഴുത്തിലും രഹസ്യ ഭാഗങ്ങളിലും ആഴത്തില്‍ മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ദേഹത്ത് മുപ്പതിലധികം മുറിവുകളുണ്ടായിരുന്നു. കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തു വന്ന നിലയിലും കത്തി നെഞ്ചില്‍ ആഴത്തില്‍ കുത്തിയിറക്കിയ നിലയിലുമായിരുന്നു മൃതദേഹം.

ഡല്‍ഹിയിലെ നിര്‍ഭയ കേസിന് സമാനമായ അതിക്രൂരമായ കൊലപാതകം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ കോലാഹലം സൃഷ്ടിച്ച കേസിലെ പ്രതിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.

കേരളം കണ്ണീര്‍ വാര്‍ത്ത മറ്റൊരു കൊലപാതകമായിരുന്നു ആലുവയിലെ ആറ് വയസുകാരിയുടേത്. ബിഹാറില്‍ നിന്ന് കേരളത്തില്‍ ജോലിക്കു വന്ന ദമ്പതികളുടെ മകളെ മിഠായി വാങ്ങി നല്‍കി വശീകരിച്ച് ആലുവ മാര്‍ക്കറ്റിന് പിന്നിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂലൈ 28 ന് നടന്ന സംഭവത്തിലെ പ്രതിയും ബിഹാര്‍ സ്വദേശി തന്നെയായ അസ്ഫാക്ക് ആലം എന്ന ക്രിമിനലായിരുന്നു.

കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതകങ്ങളായിരുന്നു ഇവ. എന്നാല്‍ അത്രമേല്‍ മാധ്യമ ശ്രദ്ധ കിട്ടാതെ പോയ അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കൊലപാതക, ബലാത്സംഗ, മയക്കു മരുന്ന് കേസുകള്‍ വേറെയുമുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായി കേരളത്തില്‍ എത്തുന്ന ഇത്തരക്കാരില്‍ വലിയൊരു ശതമാനവും ക്രിമിനല്‍ സ്വഭാവക്കാരാണ്. മാവോയിസ്റ്റുകള്‍ വരെ അക്കൂട്ടത്തിലുണ്ട്. കഞ്ചാവ്, ഹാഷിഷ്, എംഡിഎംഎ പോലുള്ള മയക്കു മരുന്നുകളുടെ വില്‍പ്പനക്കാരും ഇടനിലക്കാരും ഉപഭോക്താക്കളുമാണ് ഇവരില്‍ അധികം പേരും.

മലയാളികള്‍ക്കിടയില്‍ 'വൈറ്റ് കോളര്‍ ജോബ്' സംസ്‌കാരം ഉടലെടുത്തതോടെയാണ് കേരളം ഇത്തരം ക്രിമിനലുകളുടെ സ്വപ്‌ന ഭൂമിയായി മാറിയത്. മണ്ണില്‍ പണിയെടുക്കാന്‍ മടിയുള്ള മലയാളി മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തി നോക്കി ഇതിലേ... ഇതിലേ എന്ന് മാടി വിളിച്ചു.

സ്വന്തം നാട്ടില്‍ പകലന്തിയോളം പണിയെടുത്താന്‍ മുന്നൂറ് രൂപയില്‍ താഴെ കിട്ടുന്ന ബംഗാളിക്കും ബിഹാറിക്കും അസാമിക്കുമെല്ലാം കേരളം മലയാളികള്‍ക്ക് ഗള്‍ഫ് എന്ന പോലെ തോന്നി. ആയിരം രൂപയാണ് ദിവസക്കൂലി. ഏതെങ്കിലും പ്രത്യേക ജോലിയില്‍ വൈദഗ്ധ്യം നേടിയവരാണെങ്കില്‍ കൂലി പിന്നെയും കൂടും.

യാതൊരുവിധ നിയന്ത്രണവുമില്ലാതെയാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുടിയേറ്റം. തൊഴില്‍ ആവശ്യത്തിനായി വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പറ്റി കൃത്യമായ പഠനം നടത്തുക ബുദ്ധിമുട്ടാണ്. കാരണം ഇവര്‍ താല്‍ക്കാലിക തൊഴിലിനായി വരുന്നതിനാല്‍ തന്നെ ഇവരുടെ താമസ സ്ഥലവും മറ്റും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. കൃത്യമായ രേഖകള്‍ പരിശോധിക്കുക അസാധ്യമാണ്.

ഗുലാത്തി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ 2013 ല്‍ നടത്തിയ പഠനത്തില്‍ കേരളത്തിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 23 ലക്ഷം ആണെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ജിഒ ആയ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡവലപ്മെന്റ് (സിഎംഐഡി) നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 'ഗോഡ്‌സ് ഓണ്‍ വര്‍ക്‌ഫോഴ്‌സ്' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 30 ലക്ഷത്തിലധികം പേരാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കേരളത്തിലേക്ക് തൊഴിലാവശ്യങ്ങള്‍ക്കും മറ്റുമായി കുടിയേറിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.

നിര്‍മാണ മേഖലകളില്‍ ഇവരുടെ സാന്നിധ്യം ഗുണകരമെങ്കിലും കേരളത്തിന്റെ തനത് പൈതൃകത്തിലും സംസ്‌കാരത്തിലും ഇവര്‍ ഏല്‍പ്പിക്കുന്ന മുറിപ്പാടുകള്‍ നിസാരമല്ല. സംസ്ഥാനത്തെ പല ചെറു പട്ടണങ്ങളും ഇന്ന് അടക്കി വാഴുന്നത് അന്യ സംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പോലും മലയാളികള്‍ക്ക് ഭയമാണ്.

എന്നിട്ടും അവര്‍ നമുക്ക് അതിഥി തൊഴിലാളികളാണ്. അന്യ സംസ്ഥാന തൊഴിലാളി, ഇതര സംസ്ഥാന തൊഴിലാളി എന്നൊക്കെ വിളിക്കുന്നത് അവര്‍ക്ക് കുറവാണെന്ന് കണ്ടെത്തിയ മലയാളിയുടെ ആതിഥേയ മര്യാദ അവര്‍ക്കിട്ട ഓമനപ്പേരാണ് അതിഥി തൊഴിലാളികള്‍. പക്ഷേ, അവര്‍ അതിഥി തൊഴിലാളികളോ അതോ, അതിഥി കൊലയാളികളോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.