ബിജെപി സ്ഥാനാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്നവര്‍; പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്നവര്‍; പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്നവരെന്ന് കണക്കുകള്‍. ഇത്തരത്തില്‍ കൂറുമാറിയെത്തിയവരില്‍ ഏറെയും കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ബിജെപി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പറ്റി ദ പ്രിന്റ് തയാറാക്കിയ വിശകലനറിപ്പോര്‍ട്ടിലാണ് കൂറുമാറിയെത്തിയവരെ സ്ഥാനാര്‍ഥികളാക്കിയതിന്റ കണക്കുകള്‍ പറയുന്നത്.

കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വേരുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതര പാര്‍ട്ടികളില്‍ നിന്നുള്ളവരെ ബിജെപിയിലെത്തിച്ചതിന് പിന്നില്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി സീറ്റും നേട്ടവും മാത്രം ലക്ഷ്യം വച്ച് വന്നവരെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ബിജെപി വിവിധ ഘട്ടങ്ങളിലായി 417 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇതുവരെ പുറത്തിറക്കിയത്. അതില്‍ 116 പേര്‍ അതായത് 28 ശതമാനം പേരും മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവരാണ്. 2014 ല്‍ നരേന്ദ്ര മോഡി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇവരില്‍ ഭൂരിഭാഗം പേരും ബിജെപിയില്‍ ചേര്‍ന്നത്.

116 പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ വന്നത് കോണ്‍ഗ്രസില്‍ നിന്നാണ്. 37 പേരാണ് കോണ്‍ഗ്രസില്‍ നിന്നുള്ളത്.ബിആര്‍എസില്‍ നിന്ന് ഒമ്പത്, ബിഎസ്പിയില്‍ നിന്ന് എട്ട്, ടിഎംസിയില്‍ നിന്ന് ഏഴ്, ബിജെഡി, എന്‍സിപി, എസ്പി എന്നിവിടങ്ങളില്‍ നിന്ന് ആറ് വീതവും, എഐഎഡിഎംകെയില്‍ നിന്ന് നാല് പേരുമാണ് ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചത്.

തമിഴ്നാട് (11), തെലങ്കാന (12), ഒഡീഷ (8) എന്നീ സംസ്ഥാനങ്ങളിലെ 61 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അതില്‍ 31 സീറ്റുകളും നല്‍കിയിരിക്കുന്നത് മറ്റു പാര്‍ട്ടികള്‍ വിട്ട് വന്നവര്‍ക്കാണ്. ആന്ധ്രാപ്രദേശില്‍ ആറ് സ്ഥാനാര്‍ത്ഥികളില്‍ അഞ്ച് സീറ്റും പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ളവര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടി നേതാക്കളെ തഴഞ്ഞാണ് ബിജെപി സീറ്റ് നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ പ്രഖ്യാപിച്ച 64 സ്ഥാനാര്‍ത്ഥികളില്‍ 20 പേരും മറ്റുള്ള പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. ഈ 20 സ്ഥാനാര്‍ത്ഥികളില്‍ 7 പേര്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലേക്ക് വന്നവരാണ്.

ഹരിയാനയിലാണെങ്കില്‍ 10 സ്ഥാനാര്‍ത്ഥികളില്‍ ആറ് പേരും കൂറുമാറിയവരാണ്. മിക്കവരും കോണ്‍ഗ്രസിലുണ്ടായിരുന്നവരുമാണ്. മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ച 24 സ്ഥാനാര്‍ത്ഥികളില്‍ ഏഴും ജാര്‍ഖണ്ഡിലെ 14 സ്ഥാനാര്‍ത്ഥികളില്‍ ആറ് പേരും പുറത്ത് നിന്നുള്ളവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.