ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; അഞ്ചു മരണം, 44 പേര്‍ക്ക് പരിക്ക്

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; അഞ്ചു മരണം, 44 പേര്‍ക്ക് പരിക്ക്

ഷാര്‍ജ: എമിറേറ്റിലെ 38 നിലകളുള്ള താമസ സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. സംഭവത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റു. എമിറേറ്റിലെ അല്‍നഹ്ദയിലാണ് സംഭവം. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നത്. ആഫ്രിക്കയില്‍ നിന്നുള്ളവരും ജിസിസി പൗരന്‍മാരുമാണ് കെട്ടിടത്തിലെ താമസക്കാരില്‍ ഭൂരിഭാഗം പേരും.

വ്യാഴാഴ്ച്ച രാത്രിയാണ് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് തീപിടിത്തം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുകയും അതിവേഗമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ തീയണയ്ക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ 17 പേര്‍ ചികിത്സയിലാണ്.

സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി അനുശോചനമറിയിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 156 വ്യത്യസ്ത രാജ്യക്കാരായ ആളുകളെ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ സഹായത്തോടെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.