വത്തിക്കന്‍ സിറ്റി: മനുഷ്യന്റെ അന്തസിനു നേരെ സമീപകാലത്തായി വര്‍ധിച്ചുവരുന്ന ഗുരുതരമായ ഭീഷണികളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി വത്തിക്കാന്‍. ഗര്‍ഭഛിദ്രം, ദാരിദ്ര്യം, മനുഷ്യക്കടത്ത്, യുദ്ധം എന്നിവയ്ക്ക് പുറമേ ലിംഗമാറ്റ ശസ്ത്രക്രിയകള്‍, ലിംഗ സിദ്ധാന്തം, വാടക ഗര്‍ഭധാരണം, ദയാവധം എന്നിവ മാനവരാശിയുടെ ഭാവിയെ ഭീഷണിപ്പെടുത്തുന്ന ഗുരുതരമായ ലംഘനങ്ങളാണെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ പറയുന്നു.
വിശ്വാസ പ്രമാണത്തിനായുള്ള ഡിക്കാസ്റ്ററി 'ഇന്‍ഫിനൈറ്റ് ഡിഗ്‌നിറ്റി' (അനന്തമായ അന്തസ്) എന്ന പേരില്‍ പുറത്തിറക്കിയ, 20 പേജുള്ള പ്രഖ്യാപനത്തിലാണ് സ്വവര്‍ഗാനുരാഗം അടക്കമുള്ള വിഷയങ്ങളില്‍ വിശ്വാസികള്‍ക്കിടയില്‍ സംശയത്തിനിട നല്‍കാതെ വത്തിക്കാന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷമെടുത്താണ് പുതിയ പ്രഖ്യാപനം വത്തിക്കാന്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ പ്രമാണത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് 25ന് അംഗീകാരം നല്‍കിയിരുന്നു.
ഗര്‍ഭഛിദ്രത്തിനും ദയാവധത്തിനും തുല്യമായി വാടക ഗര്‍ഭധാരണവും ലിംഗമാറ്റ ശസ്ത്രക്രയിയുമടക്കമുള്ളവ മനുഷ്യജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ നിരാകരിക്കുന്ന രീതികളാണെന്നു പ്രഖ്യാപനത്തില്‍ പറയുന്നു.
ശാരീരികവും മാനസികവും സാംസ്‌കാരികവും സാമൂഹികവും മതപരവുമായ സവിശേഷതകള്‍ പരിഗണിക്കാതെ ഓരോ മനുഷ്യന്റെയും അന്തസ് ഉയര്‍ത്തിപ്പിടിക്കാനാണ് കത്തോലിക്ക സഭ പ്രോത്സാഹിപ്പിക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവില്‍ നിന്ന് പ്രവഹിക്കുന്ന ശക്തി ഓരോ പുരുഷന്റെയും സ്ത്രീയുടെയും അവിഭാജ്യമായ അന്തസ് പൂര്‍ണമായും വെളിപ്പെടുത്തുന്നു. അതിനാല്‍തന്നെ ക്രിസ്തുവിലുള്ള വിശ്വാസത്തോടെയും പ്രത്യാശയോടെയാണ് ഈ ആശങ്കകളെ സഭ ഉയര്‍ത്തിക്കാട്ടുന്നത്.
'ഏതു ലിംഗമാറ്റ ഇടപെടലും, ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ ജീവിതാവസാനം വരെ വ്യക്തിക്കു ലഭിച്ച അതുല്യമായ അന്തസിന് ഭീഷണിയാകും' എന്ന് രേഖയില്‍ പറയുന്നു.
ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ 'ഇവാഞ്ചലിയം വിറ്റേ' എന്ന ചാക്രിക ലേഖനത്തെയും പ്രഖ്യാപനം ഉദ്ധരിക്കുന്നു. എല്ലാ ജീവനെയും സ്നേഹിക്കാനും സേവിക്കാനും ആഹ്വാനം ചെയ്യുന്ന ചാക്രിക ലേഖനം ഗര്‍ഭച്ഛിദ്രം എന്നത് ഏത് വിധത്തില്‍ അത് നടപ്പാക്കിയാലും ബോധപൂര്‍വവും നേരിട്ടുള്ളതുമായ കൊലപാതകമാണെന്നു മുന്നറിയിപ്പ് നല്‍കുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'ഇവാഞ്ചെലി ഗൗഡിയം' എന്ന അപ്പസ്‌തോലിക പ്രബോധനവും പ്രഖ്യാപനത്തില്‍ ഉദ്ധരിക്കുന്നു. ജനിക്കാനിരിക്കുന്ന കുട്ടികള്‍ നമ്മുടെ ഇടയില്‍ ഏറ്റവും പ്രതിരോധമില്ലാത്തവരും നിരപരാധികളുമാണ്. ഇന്നത്തെ കാലത്ത് ആ കുഞ്ഞുങ്ങളുടെ മാനുഷിക അന്തസ് നിഷേധിക്കാനും അവര്‍ക്കെതിരേ ഇഷ്ടമുള്ളത് ചെയ്യാനും ശ്രമിക്കുന്നു. അവരുടെ ജീവന്‍ അപഹരിക്കാനുള്ള നിയമങ്ങള്‍ പാസാക്കുകയും അതിനെ പ്രതിരോധിക്കുന്നവരെ തടയുകയും ചെയ്യുന്നു.
അതുപോലെ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ദയാവധവും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും വേഗത്തില്‍ നടപ്പാക്കുകയാണെന്നും പ്രഖ്യാപനം മുന്നറിയിപ്പ് നല്‍കുന്നു. വാടകഗര്‍ഭപാത്രത്തിലൂടെയുള്ള ജനനം ആ 'അമ്മ'യുടെയും ജനിക്കുന്ന കുഞ്ഞിന്റെയും അന്തസിനെ ഹനിക്കുന്നുവെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. 'ഒരു കുഞ്ഞ് എപ്പോഴും ഒരു സമ്മാനമാണ്, ഒരിക്കലും ഒരു വാണിജ്യ കരാറിന്റെ അടിസ്ഥാനമല്ല'.
പല പാശ്ചാത്യ രാജ്യങ്ങളും ലിംഗപരമായ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ അനുവദിക്കണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.
വ്യക്തിയുടെ ലിംഗം മാറ്റാന്‍ കഴിയുമെന്നുപറയുന്ന 'ജെന്‍ഡര്‍ തിയറി'യെ വത്തിക്കാന്‍ പ്രഖ്യാപനം നിരാകരിക്കുന്നു. ജീവശാസ്ത്രപരമായി വ്യത്യസ്തരായ പുരുഷനും സ്ത്രീയുമായി ദൈവം മനുഷ്യന്‍ സൃഷ്ട്ടിച്ചു. ഒരു മനുഷ്യശരീരം ദൈവത്തിന്റെ പ്രതിച്ഛായയുടെ മഹത്വത്തില്‍ പങ്കുചേരുന്നു, ശരീരത്തെ സൃഷ്ടിക്കപ്പെട്ടതുപോലെ അംഗീകരിക്കാനും ബഹുമാനിക്കാനും വത്തിക്കാന്‍ പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.