'എല്ലാവരെയും വകവരുത്തും'; യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി; സ്‌റ്റേഡിയങ്ങള്‍ കനത്ത സുരക്ഷയില്‍

'എല്ലാവരെയും വകവരുത്തും'; യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി; സ്‌റ്റേഡിയങ്ങള്‍ കനത്ത സുരക്ഷയില്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണിയുമായി ഇസ്ലാമിക് സ്‌റ്റേറ്റ്. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന നാല് സ്റ്റേഡിയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നാണ് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ് സന്ദേശം പുറത്തുവന്നതിന് പിന്നാലെ സ്റ്റേഡിയങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

പാരീസിലെ പാര്‍ക് ഡെസ് പ്രിന്‍സസ്, മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണാബ്യു, മെട്രോപൊളിറ്റന്‍, ലണ്ടനിലെ എമിറേറ്റ്സ് എന്നീ സ്റ്റേഡിയങ്ങള്‍ക്ക് നേരെയാണ് ആക്രണം നടത്തുമെന്ന് ഐഎസ്ഐഎസ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ സ്റ്റേഡിയങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയുള്ള സന്ദേശമാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. 'എല്ലാവരെയും വകവരുത്തുമെന്നും' സന്ദേശത്തില്‍ പറയുന്നു.

ഭീഷണിയെതുടര്‍ന്ന് സ്റ്റേഡിയങ്ങളില്‍ അധിക സുരക്ഷാ ജീവനക്കാരെ വിന്യസിച്ചു. പരിശോധനയും കര്‍ശനമാക്കി. മത്സരങ്ങള്‍ കാണാന്‍ എത്തുന്നവര്‍ സുരക്ഷാ നടപടികളോട് സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് ആരാധകരുള്ള ഏറ്റവും വലിയ ക്ലബ് ലീഗുകളില്‍ ഒന്നാണ് യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗ്.

ബുധനാഴ്ച്ച ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ പ്രിന്‍സസ് പാര്‍ക്കില്‍ പിഎസ്ജി, ബാഴ്സലോണയെ നേരിടുന്നത് കനത്ത സുരക്ഷയിലായിരിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ സ്ഥിരീകരിച്ചു.

മാഡ്രിഡിലെ ഗെയിമുകള്‍ക്ക് മുന്നോടിയായി 2,000-ത്തിലധികം പോലീസുകാരെയും സിവില്‍ ഗാര്‍ഡ് ഓഫീസര്‍മാരെയും വിന്യസിച്ചിട്ടുണ്ടെന്നും സ്‌പെയിന്‍ കായിക മന്ത്രി പിലാര്‍ അലെഗ്രിയ അറിയിച്ചു. ഇത്തരം പ്രഖ്യാപനങ്ങള്‍ ഭയം ഉണര്‍ത്താനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 22-ന് അതീവ സുരക്ഷാ മേഖലയായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന ആക്രണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇതാണ് ഐഎസ് അവസാനം നടത്തിയ ആക്രമണം. ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണിയെ അതീവ ഗൗരവത്തോടെയാണ് സ്‌പെയിന്‍, ഫ്രാന്‍സ് സര്‍ക്കാരുകള്‍ കാണുന്നത്.

അതേസമയം, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളില്‍ പ്രമുഖ ടീമുകളാണ് ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് 14 തവണ ജേതാക്കളായ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡാണ് എതിരാളികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.