'ജീവന്‍ ലഭിക്കാന്‍' കുരിശില്‍ മരിച്ചവനും ഉയിര്‍ത്തെഴുന്നേറ്റവനുമായ യേശുവില്‍ ദൃഷ്ടികള്‍ ഉറപ്പിക്കുക: ഞായറാഴ്ച സന്ദേശത്തില്‍ മാര്‍പാപ്പ

'ജീവന്‍ ലഭിക്കാന്‍' കുരിശില്‍ മരിച്ചവനും ഉയിര്‍ത്തെഴുന്നേറ്റവനുമായ യേശുവില്‍ ദൃഷ്ടികള്‍ ഉറപ്പിക്കുക: ഞായറാഴ്ച സന്ദേശത്തില്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടുന്നതുവഴി ഹൃദയപരിവര്‍ത്തനം ഉണ്ടാകണമെന്നും വിശ്വാസവും പ്രാര്‍ത്ഥനയും സ്‌നേഹവും കൈമുതലാക്കി ഉയര്‍പ്പിന്റെ ആനന്ദം എവിടെയും പ്രസരിപ്പിക്കുന്നവരാകണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ.

ഉയിര്‍പ്പുകാലത്തിലെ രണ്ടാം ഞായറാഴ്ച, ദൈവ കരുണയുടെ തിരുനാള്‍ കൂടി ആചരിക്കുന്നതിനെ അനുസ്മരിച്ചുകൊണ്ടാണ് മാര്‍പാപ്പ ത്രികാലജപ സന്ദേശം ആരംഭിച്ചത്.

'ദൈവപുത്രനായ യേശുവിലുള്ള വിശ്വാസത്തിലൂടെ നമുക്ക് അവന്റെ നാമത്തില്‍ ജീവന്‍ ലഭിക്കുമെന്ന് സുവിശേഷം നമ്മോടു പറയുന്നു. ജീവന്‍ ലഭിക്കുകയെന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?' - പാപ്പ ചോദിച്ചു.

ജീവന്‍ ലഭിക്കാന്‍

നാമോരോരുത്തരും 'ജീവന്‍ ലഭിക്കാന്‍' ആഗ്രഹിക്കുന്നവരാണെങ്കിലും അതിനായി തെരഞ്ഞെടുക്കുന്നത് വിവിധ മാര്‍ഗങ്ങള്‍ ആണെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. പലതും ആസ്വദിക്കാനും സ്വന്തമാക്കാനുമായി സംഭ്രാന്തരായി ചിലര്‍ ഓടുന്നു. ആദ്യം ആസ്വാദ്യകരമായി തോന്നുമെങ്കിലും ഹൃദയത്തെ തൃപ്തിപ്പെടുത്താനാവാത്ത ഒരു മാര്‍ഗമാണിത്. ജീവന്‍ നേടാനായി നാം ഈ പാതയല്ല തിരഞ്ഞെടുക്കേണ്ടത്, കാരണം, യഥാര്‍ത്ഥ സന്തോഷത്തിലേക്ക് അതൊരിക്കലും നയിക്കുന്നില്ല.

പൂര്‍ണത യേശുവില്‍ മാത്രം

'നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്, യേശുവില്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്ന പൂര്‍ണത പ്രാപിക്കാനാണെന്ന് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നു. എന്നാല്‍ ഈ പൂര്‍ണതയിലേക്ക് പ്രവേശനം നേടാനും അത് അനുഭവിക്കാനും ഒരാള്‍ക്ക് എങ്ങനെ സാധിക്കും?'- ഫ്രാന്‍സിസ് പാപ്പാ ചോദിച്ചു.

കുരിശില്‍ മരിച്ചവനും ഉയിര്‍ത്തെഴുന്നേറ്റവനുമായ യേശുവില്‍ നമ്മുടെ ദൃഷ്ടികള്‍ ഉറപ്പിക്കുമ്പോഴാണ് നമുക്ക് ജീവന്‍ ലഭിക്കുന്നത്. കൂദാശകളിലും പ്രാര്‍ത്ഥനകളിലും യേശുവിനെ കണ്ടുമുട്ടുക, അവയില്‍ അവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവനില്‍ വിശ്വസിക്കുക, യേശുവിനെ വഴികാട്ടിയാക്കുകയും അവന്റെ കൃപയാല്‍ സ്പര്‍ശിക്കപ്പെടാന്‍ അനുവദിക്കുകയും ചെയ്യുക, യേശുവിനെപ്പോലെ സ്‌നേഹിക്കുന്നതില്‍ ആനന്ദം കണ്ടെത്തുക എന്നിവയെല്ലാം ഇതിനു നമ്മെ സഹായിക്കുന്നു. യേശുവുമായുള്ള ഓരോ കണ്ടുമുട്ടലും നമുക്ക് കൂടുതല്‍ ജീവന്‍ പ്രദാനം ചെയ്യുന്നുവെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.

അവസാനമായി, ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളും പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചു: 'യേശുവിന്റെ ഉത്ഥാനത്തിന്റെ ശക്തിയിലും പാപം, ഭയം, മരണം എന്നിവയുടെ മേലുള്ള അവന്റെ വിജയത്തിലും ഞാന്‍ വിശ്വസിക്കുന്നുണ്ടോ? യേശുവുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നതിന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടോ? എന്റെ സഹോദരീസഹോദരന്മാരെ സ്‌നേഹിക്കാനും എല്ലാ ദിവസവും പ്രത്യാശയില്‍ ജീവിക്കാനുമുള്ള യേശുവിന്റെ പ്രചോദനം ഞാന്‍ സ്വീകരിക്കാറുണ്ടോ?

ഉത്ഥിതനായ യേശുവിലുള്ള വിശ്വാസത്താല്‍ ജീവന്‍ നേടാനും ഉയര്‍പ്പിന്റെ സന്തോഷം എങ്ങും പ്രസരിപ്പിക്കാനും എല്ലാവര്‍ക്കും കൃപ ലഭിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തോട് മാധ്യസ്ഥം യാചിച്ചുകൊണ്ട് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.