ഒട്ടാവ: കാനഡയിലെ സൗത്ത് എഡ്മണ്ടനിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബുട്ട സിങ് ഗില്ലാണ് കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വെടിവയ്പ്പുണ്ടായതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ബുട്ടാ സിങ്.
വെടിവയ്പ് നടന്നതിന് അടുത്തുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും ഒരു കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നു വന്നയാളെ ഈ കാര്‍ ഇടിച്ചെന്നും ഇതോടെയാണ് വെടിവയ്പ്പുണ്ടായതെന്നും ദൃക്‌സാക്ഷി ലിന്‍ഡ്‌സെ ഹില്‍ടന്‍ പൊലീസിന് മൊഴി നല്‍കി. കാര്‍ മുന്നോട്ട് നീങ്ങിയതിന് പിന്നാലെ തൊഴിലാളിയുടെ വേഷം ധരിച്ചയാള്‍ തോക്ക് പുറത്തെടുക്കുകയും വാഹനമോടിച്ചയാളെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തുവെന്നും ലിന്‍ഡ്‌സെ പറയുന്നു.
മൂന്ന് പേര്‍ പരിക്കേറ്റ് കിടക്കുന്ന നിലയിലാണ് സംഭവസ്ഥലത്തെത്തിയ പൊലീസ് കണ്ടത്. തുടര്‍ന്ന് രണ്ട് പേര്‍ ചികിത്സയിലിരിക്കെ മരിക്കുകയും 51കാരനായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
മാരകമായി പരുക്കേറ്റ് ചികില്‍സയിലുള്ളയാള്‍ തന്നെയാണ് ബുട്ടാ സിങ്ങിനെയും കൂടെയുണ്ടായിരുന്ന ആളെയും വെടി വെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമിയുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രമുഖ ബില്‍ഡറും എഡ്മണ്ടനിലെ ഗുരുനാനാക്ക് സിഖ് ക്ഷേത്രത്തിന്റെ തലവനുമാണ് ബുട്ട ഗില്‍. നേരത്തെ തനിക്ക് ഭീഷണി കോളുകള്‍ വന്നിരുന്നതായി ഗില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണി കോളുകള്‍. പ്രദേശത്തെ മറ്റ് ചില ബില്‍ഡര്‍മാര്‍ക്കും സമാനമായ ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.