കാന്‍ബറ: ഹമാസിന് ഭരണത്തില്‍ യാതൊരുവിധ പങ്കുമില്ലെങ്കില്‍ പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കുന്നത് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പരിഗണിക്കുമെന്ന വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം. പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസിനെ ദുര്‍ബലപ്പെടുത്തുമെന്നും മേഖലയിലെ മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നുമാണ് മന്ത്രി പെന്നി വോങ് അഭിപ്രായപ്പെട്ടത്.
ഇസ്രയേലില്‍ നിന്നും സ്വതന്ത്രമായൊരു രാജ്യമെന്ന നിലയില്‍ പാലസ്തീനെ അംഗീകരിക്കാന്‍ കഴിയുമെന്ന് യുകെ വിദേശകാര്യമന്ത്രി ഡേവിഡ് കാമറൂണ്‍ ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെന്നി വോങ്ങും നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ അത്തരമൊരു നീക്കം അപക്വമായിരിക്കുമെന്നായിരുന്നു ഓസ്‌ട്രേലിയയിലെ പ്രതിപക്ഷത്തിന്റെയും സയണിസ്റ്റ് ഫെഡറേഷന്റെയും നിലപാട്.
ഇസ്രയേലി വ്യോമാക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരനായ സന്നദ്ധ പ്രവര്‍ത്തകന്‍ ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഗാസയിലെ നിലവിലെ സ്ഥിതിഗതികളില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.
അക്രമവും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ച് രണ്ട് രാജ്യമായി ഇസ്രയേലും പാലസ്തീനും സമാധാനത്തോടെ കഴിയണമെന്നും വോങ് ആവശ്യപ്പെട്ടു. കാലങ്ങളായി വന്ന സര്‍ക്കാരുകള്‍ ഇതില്‍ തീരുമാനമെടുക്കാന്‍ മടിച്ചതാണ് ദശാബ്ദങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിലിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് സമാധാന ശ്രമങ്ങള്‍ക്ക് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ വേണമെന്നും രണ്ട് രാജ്യമായി പിരിയുന്നത് ഗൗരവമായി പരിഗണിക്കണമെന്നും വോങ് അഭിപ്രായപ്പെട്ടു. രണ്ട് രാജ്യങ്ങളുടെ രൂപീകരണം ഹമാസിനെ ദുര്‍ബലമാക്കുമെന്നും വോങ് പറഞ്ഞു.
എന്നാല്‍ ഓസ്‌ട്രേലിയ കാലങ്ങളായി തുടര്‍ന്ന് വരുന്ന പക്ഷപാതരഹിതമായ നയത്തിന് വിരുദ്ധമാണ് ഈ നിലപാടെന്ന് പ്രതിപക്ഷത്തിന്റെ വിദേശകാര്യ വക്താവ് സിമോണ്‍ ബിര്‍മിങ്ഹാം പറഞ്ഞു. നിലപാടില്‍ നിന്നുള്ള ആല്‍ബനീസ് സര്‍ക്കാരിന്റെ ഈ വ്യതിചലനത്തെ പ്രതിപക്ഷം പിന്താങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഭീകരമായ സംഘര്‍ഷത്തിന് തുടക്കമിട്ട ഭീകരരുടെ വിജയമായി ഇതിനെ കാണുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പാലസ്തീന്‍ രാഷ്ട്രത്തെ കുറിച്ച് ആലോചിക്കണമെങ്കില്‍ ഹമാസ് അധികാരമൊഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും അത് അഴിമതി, അക്രമരഹിതമാകണമെന്നും യഹൂദ രാഷ്ട്രമായി നിലകൊള്ളാനുള്ള ഇസ്രയേലിന്റെ അവകാശത്തെ മാനിക്കുന്നതുമാകണമെന്നും ഓസ്‌ട്രേലിയന്‍ സയണിസ്റ്റ് ഫെഡറേഷന്‍ പ്രസിഡന്റ് ജെറമി ലെയ്ബ്ലര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.