ഇന്ദിരാ ഗാന്ധിക്ക് ശേഷം 57 വര്‍ഷം; ന്യൂസ് വീക്ക് മാസികയുടെ കവര്‍ പേജില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഇന്ദിരാ ഗാന്ധിക്ക് ശേഷം 57 വര്‍ഷം; ന്യൂസ് വീക്ക് മാസികയുടെ കവര്‍ പേജില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ശേഷം ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ന്യൂസ് വീക്ക് മാസികയുടെ കവര്‍ പേജില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഇന്ദിരാ ഗാന്ധിയുടെ കവര്‍ ചിത്രം വന്ന് 57 വര്‍ഷം പിന്നിട്ടപ്പോഴാണ് മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി ആ നേട്ടത്തിന് അര്‍ഹനാകുന്നത്. 1966 ഏപ്രില്‍ ലക്കത്തിന്റെ കവര്‍ പേജിലായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ചിത്രം വന്നത്.

ന്യൂസ് വീക്ക് ടീം മോഡിയുമായി ഒന്നര മണിക്കൂറാണ് സംസാരിച്ചത്. ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ സാഹചര്യം, രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 എന്നിവയെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളാണ് അഭിമുഖത്തില്‍ കുടുതലും ഉണ്ടായത്.

ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം പരിഹരിക്കാന്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നരേന്ദ്ര മോഡി അഭിമുഖത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും സുപ്രധാനമായ ബന്ധം പങ്കിടുന്നുവെന്നും സുസ്ഥിരമായ ഇന്ത്യ-ചൈന ബന്ധം ലോകത്തിന് തന്നെ പ്രധാനമാണെന്നും അദേഹം വ്യക്തമാക്കി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. നമ്മുടെ അതിര്‍ത്തിയില്‍ നീണ്ടുനില്‍ക്കുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അതുവഴി നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം പരിഹരിക്കാന്‍ സാധിക്കും. ക്രിയാത്മകമായ ഇടപെടലിലൂടെ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

'ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം രണ്ട് രാജ്യങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിന് തന്നെ പ്രധാനമാണ്. നയതന്ത്ര, സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ഇടപെടലിലൂടെ ആ ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അതിര്‍ത്തികളിലെ സമാധാനം പുനസ്ഥാപിക്കാനും നിലനിര്‍ത്താനും കഴിയും'- പ്രധാനമന്ത്രി പറഞ്ഞു.

ഗാല്‍വന്‍ താഴ്വരയില്‍ 2020 ല്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഇന്ത്യ-ചൈന ബന്ധത്തെ വഷളാക്കിയിരുന്നു. 20 ഇന്ത്യന്‍ സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. ചൈനയുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്ന വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

പിന്നാലെ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ 2019 ലെ പുല്‍വാമ ആക്രമണത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചും അഭിമുഖത്തില്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.