ഐഡഹോ: അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ച് വിശ്വാസികളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂലിയായ 18 വയസുകാരന്‍ പിടിയില്‍. ഐഡഹോ സ്വദേശിയായ അലക്‌സാണ്ടര്‍ മെര്‍ക്കുറിയോയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ തന്റെ പരിസരത്തെ ക്രിസ്ത്യന്‍ പള്ളികളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് അറസ്റ്റിലായതെന്ന് എഫ്.ബി.ഐ അറിയിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, കത്തികള്‍, ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
പള്ളികള്‍ ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്ന ദിവസത്തിന് തലേന്നാണ് ഇയാള്‍ പിടിയിലായത്. മരിക്കുന്നുവരെ പള്ളികള്‍ തോറും കയറിയിറങ്ങി വെടിവയ്ക്കാനും തീയിടാനുമാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. 20 വര്‍ഷം വരെ തടവു ശിക്ഷ ലക്ഷിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ജസ്റ്റിസ് ഡിപാര്‍ട്‌മെന്റ് ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭീകരവാദ പട്ടികയിലുള്ള സംഘടനയ്ക്ക് ഭൗതികമായ പിന്തുണയും വിഭവങ്ങളും നല്‍കാന്‍ ശ്രമിച്ചു എന്ന കുറ്റവും ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് എത്തപ്പെടുന്നത്. 17 വയസുള്ളപ്പോള്‍, ഐ.എസ് ഉള്‍പ്പെടെയുള്ള വിദേശ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ ശ്രമിക്കവേ മെര്‍ക്കുറിയോ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ആളുകളുമായി ആശയവിനിമയം നടത്തുകയും ഈ ചാറ്റുകളെല്ലാം അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.
തീവ്രവാദികള്‍ എന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയ എഫ്.ബി.ഐ ഉദ്യോഗസ്ഥരുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നു. മുസ്ലീം നോമ്പ് അവസാനിക്കുന്നതിന് മുമ്പ് ഏപ്രില്‍ എട്ടിന് താന്‍ താമസിച്ചിരുന്ന നഗരത്തിലെ പള്ളികളില്‍ ആക്രമണം നടത്തി രക്തസാക്ഷിത്വം വരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി ഈ കൗമാരക്കാരന്‍ ഇവരോട് പറഞ്ഞതായി ഇതു സംബന്ധിച്ച കേസ് ഷീറ്റില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് യുവാവിന്റെ അറസ്റ്റ് അന്വേഷണ സംഘം വേഗത്തിലാക്കിയത്. ദേവാലയത്തില്‍ ആക്രമണം നടത്താന്‍ ആവശ്യമായ സ്‌ഫോടന വസ്തുക്കള്‍ ഇയാള്‍ വാങ്ങിവച്ചിരുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.