'വിവാദ പ്രസ്താവനകള്‍ വേണ്ട; വികസനത്തെ പറ്റി പറയൂ': സ്ഥാനാര്‍ത്ഥികള്‍ക്ക് പുതിയ 'പെരുമാറ്റച്ചട്ട'വുമായി ബിജെപി നേതൃത്വം

'വിവാദ പ്രസ്താവനകള്‍ വേണ്ട; വികസനത്തെ പറ്റി പറയൂ': സ്ഥാനാര്‍ത്ഥികള്‍ക്ക് പുതിയ 'പെരുമാറ്റച്ചട്ട'വുമായി ബിജെപി നേതൃത്വം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനകള്‍ പതിവായതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പുതിയ 'പെരുമാറ്റച്ചട്ടം' പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം.

പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥികള്‍ പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നാണ് കര്‍ശന നിര്‍ദേശം. സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായി തെറ്റായ പരാമര്‍ശം ഏതെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായാല്‍ ഉടന്‍ നിയമ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സ്ഥാനാര്‍ത്ഥികളുടെ പ്രസ്താവനകള്‍ തുടര്‍ച്ചയായി വിവാദമാകുന്ന സാഹചര്യത്തിലാണ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും വികസനത്തെ പറ്റി സംസാരിക്കാനുമാണ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശം. എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികളെയും കേന്ദ്ര നേതൃത്വം ഇക്കാര്യങ്ങള്‍ അറിയിച്ചു.

നേരത്തെ കങ്കണ റണാവത് ഉള്‍പ്പെടെയുള്ളവര്‍ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. ഇനിയും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിച്ചാല്‍ അത് തിരഞ്ഞെടുപ്പില്‍ ഏത് രീതിയില്‍ പ്രതിഫലിക്കുമെന്നതില്‍ വലിയ ആശങ്ക ഉണ്ടായിരുന്നു.

എന്നാല്‍ വിവാദ പ്രസ്താവനകള്‍ക്ക് പകരമായി മോഡി സര്‍ക്കാരിന്റെ വികസനത്തെക്കുറിച്ചോ സ്ത്രീശാക്തീകരണ പരിപാടികളെക്കുറിച്ചോ സംസാരിക്കാന്‍ ബിജെപി നേതൃത്വം കങ്കണയോട് നിര്‍ദേശിച്ചിരുന്നു.

കങ്കണയ്ക്ക് നല്‍കിയ താക്കിതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ അത് പാര്‍ട്ടിക്കും തിരഞ്ഞെടുപ്പിലും ക്ഷീണമാകുമെന്നാണ് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.